ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ സൗത്ത് വെസ്റ്റ് ട്രസ്റ്റുകളിലേക്ക് മാറ്റാൻ ലണ്ടനിലും സൗത്ത് ഈസ്റ്റിലും ഉള്ള ട്രസ്റ്റുകൾ ഒരുങ്ങുന്നു. 30 വയസ്സിനു താഴെയുള്ള രോഗികൾ കോവിഡ് ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം. ലണ്ടനിലെയും സൗത്ത് ഈസ്റ്റിലെയും ട്രസ്റ്റുകൾ രോഗികളെ സൗത്ത് വെസ്റ്റിലുള്ള ആശുപത്രികളിലേക്ക് മാറ്റുമ്പോൾ ഈസ്റ്റിലുള്ള രോഗികളെ മിഡ്‌ലാന്റിലേക്ക് മാറ്റും. പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ പടുത്തുയർത്തിയ ലണ്ടനിലെ നൈറ്റിംഗേൽ ആശുപത്രി വീണ്ടും തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് സൗത്ത് ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

യുകെയിലുടനീളമുള്ള ആശുപത്രികൾ കോവിഡ് സമ്മർദ്ദങ്ങളെ നേരിടാൻ തയ്യാറാകണമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ നിറയുന്നതനുസരിച്ച് ലണ്ടനിൽ നിന്ന് വളരെ കുറച്ച് രോഗികളെ മാത്രം സൗത്ത് വെസ്റ്റ്, മിഡ്‌ലാന്റ് എന്നിവിടങ്ങളിലേക്ക് മാറ്റുമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സൺ പറഞ്ഞു. രോഗപ്രതിസന്ധി വീണ്ടും ഉയരുമ്പോൾ എൻ‌എച്ച്‌എസ് തകരാൻ സാധ്യതയുണ്ടെന്ന് ഇന്റെൻസീവ് മെഡിസിൻ ഫാക്കൽറ്റി ഡീൻ ഡോ. അലിസൺ പിറ്റാർഡ് സൂചന നൽകി.

ഐസിയു വാർഡുകളിൽ കൊറോണ വൈറസ് ബാധിച്ച 30 വയസ്സിൽ താഴെയുള്ളവരുടെ കേസുകൾ ഉയരുന്നുണ്ടെന്നും അവർ മരണപ്പെടാനുള്ള സാധ്യത വർധിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. ചെറിയ കുട്ടികൾക്കിടയിൽ വൈറസ് അതിവേഗം പടരുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ അടച്ചുപൂട്ടാൻ വിദഗ് ധർ ആവശ്യപ്പെടുന്നതിനിടയിലാണ് ഈ പ്രതിസന്ധിയും കടന്നുവരുന്നത്. ബ്രിട്ടൻ തുടർച്ചയായി അഞ്ചാം ദിവസവും 50,000 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി മരണങ്ങൾ 500 ൽ താഴെയാണ്.