ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻഎച്ച്എസിൻ്റെ ചെലവ് കുറയ്ക്കുന്നതിനായി എഡിഎച്ച്ഡി (ADHD) പരിശോധനകളുടെ എണ്ണം നിയന്ത്രിക്കുന്നതായി വെളിപ്പെടുത്തൽ. ശ്രദ്ധക്കുറവ്, പ്രവർത്തനം, നിയന്ത്രണം നഷ്ടപ്പെടുന്ന പെരുമാറ്റം തുടങ്ങിയ ലക്ഷണങ്ങളാൽ തിരിച്ചറിയുന്ന ഒരു മാനസിക-നാഡീവ്യാധിയാണ് എഡിഎച്ച്ഡി (ADHD – Attention Deficit Hyperactivity Disorder). കുട്ടികളുടെയും മുതിർന്നവരുടെയും പഠനം, ജോലി, ദൈനംദിന ജീവിതം തുടങ്ങിയ കാര്യങ്ങളെ ഇത് ഗുരുതരമായി ബാധിക്കാം.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ അനുസരിച്ച്, 42 ഇൻറഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ICB) പകുതിയിലധികവും 2025–26 കാലയളവിൽ എഡിഎച്ച്ഡി പരിശോധനകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു തീരുമാനം പല സ്ഥലങ്ങളിലും ജനറൽ പ്രാക്ടീഷണർമാരെയോ (GP) രോഗികളെയോ മുൻകൂട്ടി അറിയിക്കാതെയാണ് നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പരിധി ഏർപ്പെടുത്തിയ 22 ഐസിബികളിൽ 13 എണ്ണം ഡോക്ടർമാരെയും 12 എണ്ണം കാത്തിരിപ്പിലുള്ള രോഗികളെയും പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇതോടെ ഇതിനകം തന്നെ വർഷങ്ങളോളം നീളുന്ന കാത്തിരിപ്പ് ഇനിയും ദീർഘമാകുമെന്ന ആശങ്ക ശക്തമാകുകയാണ്. ശരാശരി എട്ട് വർഷമാണ് എഡിഎച്ച്ഡി പരിശോധനയ്ക്ക് കാത്തിരിക്കേണ്ട അവസ്ഥ. ബജറ്റ് സമ്മർദ്ദം മറച്ചുവെക്കാനാണ് എൻഎച്ച്എസ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്ന് എഡിഎച്ച്ഡി യുകെ എന്ന സംഘടന ആരോപിച്ചു.

പരിശോധന ലഭിക്കാത്ത എഡിഎച്ച്ഡി രോഗികൾക്ക് ജോലി, പഠനം, സാമൂഹികജീവിതം എന്നിവയിൽ ഗുരുതര പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന് സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമൂലം കുറ്റകൃത്യങ്ങൾ, പഠന പരാജയം, ലഹരി ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വർധിച്ച് വർഷംതോറും £17 ബില്യൺ നഷ്ടമുണ്ടാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എൻഎച്ച്എസ് ഇംഗ്ലണ്ട്, രോഗികൾക്ക് ഇപ്പോഴും കാത്തിരിപ്പ് പട്ടികയിൽ ചേരാനാകുമെന്നും, രോഗികളുടെ തിരഞ്ഞെടുപ്പും ചികിത്സയും സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നുമാണ് വിശദീകരണം നൽകിയിരിക്കുന്നത്.











Leave a Reply