ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും പുനർനിർമ്മാണം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന സമിതിയുടെ സ്ഥാപക അംഗങ്ങളെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ ടോണി ബ്ലെയർ എന്നിവരാണ് പ്രധാന അംഗങ്ങൾ. ട്രംപിന്റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരും സ്ഥാപക എക്സിക്യൂട്ടീവ് ബോർഡിലുണ്ട്. ബോർഡിന്റെ അധ്യക്ഷൻ ട്രംപ് തന്നെയാകും.

ഗാസയുടെ താൽക്കാലിക ഭരണവും പുനർനിർമ്മാണവും ഈ ബോർഡ് മേൽനോട്ടം വഹിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്വകാര്യ ഇക്വിറ്റി സ്ഥാപന തലവൻ മാർക് റൊവാൻ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരും ബോർഡിലുണ്ട്. ഗാസയുടെ സ്ഥിരതയ്ക്കും ദീർഘകാല വിജയത്തിനും നിർണായകമായ ചുമതലകൾ ഓരോ അംഗത്തിനുമുണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. വരും ആഴ്ചകളിൽ കൂടുതൽ അംഗങ്ങളെ പ്രഖ്യാപിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ, 2003ലെ ഇറാഖ് യുദ്ധത്തിൽ ബ്രിട്ടനെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിവാദത്തിലായ വ്യക്തിയാണ്. എന്നാൽ പിന്നീട് യുഎസ്, യൂറോപ്യൻ യൂണിയൻ, റഷ്യ, യുഎൻ എന്നിവ ഉൾപ്പെട്ട ക്വാർട്ടറ്റിന്റെ മിഡിൽ ഈസ്റ്റ് ദൂതനായി പ്രവർത്തിച്ച അദ്ദേഹം, പലസ്തീനിൽ സാമ്പത്തിക വികസനത്തിനും രണ്ട്- രാജ്യങ്ങൾ തമ്മിൽ പരിഹാരത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ഉയർന്നതല ചർച്ചകളിൽ ബ്ലെയർ ഇതിനകം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിത്തം “ചിലർക്ക് സംശയം ഉയർത്താം” എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന യുഎസ് സമാധാന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കെ, ഗാസയുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും വ്യക്തത കുറവാണ്. ആദ്യഘട്ടത്തിൽ വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം, ഭാഗിക ഇസ്രായേൽ പിന്മാറ്റം, സഹായ വർധനവ് എന്നിവ നടപ്പാക്കിയെങ്കിലും വെടിനിർത്തൽ ദുർബലമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 2023ലെ ഹമാസ് ആക്രമണത്തോടെ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 71,000ത്തിലധികം പേർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഗുരുതരമായ മാനവിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, സഹായ സാമഗ്രികളുടെ തടസ്സമില്ലാത്ത ഒഴുക്ക് അനിവാര്യമാണെന്ന് യുഎൻ വീണ്ടും മുന്നറിയിപ്പ് നൽകി.











Leave a Reply