ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്നവർക്ക് ഇവിടുത്തെ റോഡ് ഗതാഗത നിയമങ്ങളെ കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തത് മിക്കവാറും മലയാളികളെ അലട്ടുന്ന പ്രശ്നമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ട് തന്നെ ഏതെങ്കിലും രീതിയിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത പിഴയും ശിക്ഷയുമാണ്. യുകെയിൽ പാർക്ക് ചെയ്തിരിക്കുകയോ നിർത്തിയിട്ടിരിക്കുകയോ ചെയ്യുന്ന വാഹനത്തിൽ നമ്മുടെ വാഹനങ്ങൾ ചെറുതായി തട്ടുകയോ ഉരസുകയോ ചെയ്യുന്നത് പലരും അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇത് സെക്ഷൻ 170 പ്രകാരം പിഴയും തടവും ലഭിക്കുന്ന കുറ്റമാണന്ന് യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും മലയാളിയുമായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലാണ് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നമ്മുടെ വാഹനങ്ങൾ തട്ടലോ ഉരസലോ ഉണ്ടാകാനുള്ള സാധ്യത ഏറെ. ഇങ്ങനെ സംഭവിച്ചാൽ ആരും കാണുന്നില്ലെന്ന് കരുതി ഉടൻ സ്ഥലം വിടുകയാണ് മലയാളികളിൽ ഭൂരിഭാഗവും ചെയ്യുന്നത്. ഇങ്ങനെ സംഭവിച്ച് പിടിക്കപ്പെട്ടാൽ പോലീസിന് ഡ്രൈവറെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വയ്ക്കാനും സാധിക്കും. എന്തെങ്കിലും രീതിയിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ഉരസലോ തട്ടലോ സംഭവിച്ചാൽ അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവർ അപകടത്തിൽപ്പെട്ട വാഹനത്തിൻറെ ഡ്രൈവർക്ക് അപകട വിവരം കൈമാറണം. ഇങ്ങനെ വിവരം കൈമാറപ്പെട്ടാൽ സെക്ഷൻ 70 അനുസരിച്ചുള്ള ശിക്ഷയിൽ നിന്ന് നമ്മൾ ഒഴിവാക്കപ്പെടും.

പലപ്പോഴും പാർക്ക് ചെയ്ത സ്ഥലത്ത് സംഭവിക്കുന്ന ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇതര വാഹനത്തിൻറെ ഡ്രൈവർ സ്ഥലത്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർ റിപ്പോർട്ട് ചെയ്തിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. പാർക്കിങ്ങിൽ ഏതെങ്കിലും രീതിയിൽ ഈ രീതിയിൽ അപകടം ഉണ്ടായാൽ നമ്മുടെ പേരും ഫോൺ നമ്പറും സഹിതമുള്ള മറ്റ് വിവരങ്ങൾ ഇതര വാഹനത്തിൻറെ വിൻഡോസ്ക്രീനിൽ എഴുതി ഒട്ടിച്ച് വയ്ക്കുന്നത് ഒരു മാർഗ്ഗമാണ്. അതിനുശേഷം അതിന്റെ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നതും 101 – ൽ വിളിച്ച് റിപ്പോർട്ട് ചെയ്യുന്നതും നമ്മുടെ ഭാഗം ന്യായീകരിക്കുന്നതിന് ഉചിതമായ നടപടിയാണ്. വിവരങ്ങൾ എഴുതി ഒട്ടിച്ചു വച്ചാലും ഏതെങ്കിലും സാഹചര്യത്തിൽ കാറ്റത്തോ, മഴയത്തോ മറ്റോ ഇത് നഷ്ടമാകുന്ന സാഹചര്യത്തിൽ പോലീസിൽ വിളിച്ചു പറയുന്നത് നമ്മുടെ ഭാഗം ഭംഗിയായി വാദിക്കാൻ സഹായിക്കും. ഇങ്ങനെ വിവരങ്ങൾ അറിയിക്കുന്നതിനുള്ള സമയ പരുധി 24 മണിക്കൂറായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവറുടെ പേര്, അഡ്രസ്സ്, രജിസ്ട്രേഷൻ നമ്പർ എന്നീ വിവരങ്ങളാണ് ഇങ്ങനെ കൈമാറേണ്ടത്. അതേപോലെതന്നെ നമ്മുടെ വാഹനം കുതിര, ആട് തുടങ്ങിയ ഏതെങ്കിലും മൃഗങ്ങളെ ഇടിച്ചാലും പോലീസിൽ റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യത വാഹനമോടിക്കുന്ന ഡ്രൈവർക്ക് ഉണ്ടെന്നത് നിയമം അനുശാസിക്കുന്നു.

വാഹനം ഇടിച്ചത് തങ്ങൾ അറിഞ്ഞിരുന്നില്ലന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ പ്രോസിക്യൂഷന്റെ കൈവശം അപകട സമയത്ത് നമ്മൾ പുറത്തിറങ്ങി നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിൽ ഈ വാദം വില പോവില്ല . കുറ്റം തെളിയിക്കുകയാണെങ്കിൽ 5 മുതൽ 10 വരെ പെനാൽറ്റി പോയിന്റും ഡ്രൈവർ ലൈസൻസ് റദ്ദാക്കുക മുതലായ നടപടികളും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവാം. ചില കേസുകളിൽ 6 മാസം വരെ തടവ് ശിക്ഷ വിധിച്ച ചരിത്രവും ഉണ്ട് .

വിവരങ്ങൾക്ക് കടപ്പാട്:
Adv. Baiju Thittala
LLB (Hons),Grad. NALP, LPC,
PG Employment Law; PG Legal Practice,
Solicitor of the Senior Courts of England and Wales
[email protected]