ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിലെ മെയ്ഡ്സ്റ്റോൺ നഗരത്തെയും പരിസര ഗ്രാമങ്ങളെയും കടുത്ത കുടിവെള്ള ക്ഷാമം ബാധിച്ചു. ഏകദേശം 4,500 വീടുകളിൽ വെള്ളവിതരണം തടസ്സപ്പെട്ടതായി സൗത്ത് ഈസ്റ്റ് വാട്ടർ (SEW) അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് നിരവധി ഉപഭോക്താക്കൾക്ക് വെള്ളം ലഭിക്കാതായത്. പ്രശ്നം രൂക്ഷമായതോടെ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിച്ചു.

മെയ്ഡ്സ്റ്റോണിന് സമീപമുള്ള ജലശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ വൈദ്യുതി തകരാറാണ് വെള്ള വിതരണം നിലച്ചതിനു കാരണമായി ചൂണ്ടി കാണിക്കുന്നത്. സംഭവം വിവിധ സ്ഥലങ്ങളിലെ ആയിരക്കണക്കിന് വീടുകളെയാണ് ബാധിച്ചതെന്ന് എസ് ഇ ഡബ്ല്യൂ വ്യക്തമാക്കി. ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഇൻസിഡന്റ് മാനേജർ മാത്യു ഡീൻ, ശൃംഖലയിലുടനീളം ഉണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തരമായി പ്രവർത്തിച്ചു വരുകയാണെന്ന് അറിയിച്ചു.

വൈദ്യുതി തകരാർ പരിഹരിച്ചതായും പൈപ്പുകളിലേക്ക് വെള്ളം പതുക്കെയും സുരക്ഷിതമായും തിരിച്ചൊഴുക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. ഉടനെ തന്നെ വെള്ളവിതരണം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് ഈസ്റ്റ് വാട്ടർ അറിയിച്ചു. അതുവരെ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു.











Leave a Reply