മലയാളം യുകെ ന്യൂസ്

അശരണർക്കും ആലംബഹീനർക്കും ആശ്വാസവും സാന്ത്വനവുമൊരുക്കി ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലോകത്തേക്ക് ചുവടു വയ്ക്കാൻ LKC തയ്യാറെടുക്കുകയാണ്.  യുകെയിലെ മലയാളി അസോസിയേഷനുകളിൽ പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘടനാ ശേഷികൊണ്ടും അംഗബലം കൊണ്ടും  ഒന്നാം നിരയിലുള്ള ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ ചാരിറ്റി ഉദ്ഘാടനം മെയ് 13ന് നടക്കും. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻറെ അനുഗ്രഹാശിസുകളോടെ LKC യുടെ ഫ്ലാഗ് ഷിപ്പ് പ്രോജക്ടായ ഷെയർ ആൻഡ് കെയർ ചാരിറ്റി പ്രവർത്തനമാരംഭിക്കും.

മൂന്നൂറോളം കുടുംബങ്ങൾ ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയിലുണ്ട്. ലെസ്റ്റർ കേരള കമ്യൂണിറ്റി സ്കൂളിന്റെയും ലെസ്റ്റർ കേരളാ ഡാൻസ് അക്കാഡമിയുടെയും ലോഗോ പ്രകാശനവും ഇതേ വേദിയിൽ നടക്കും. കുട്ടികൾക്കായി വിവിധ ഡാൻസ് ക്ലാസുകളും പാഠ്യേതര പ്രവർത്തനങ്ങളും  ഡാൻസ്  അക്കാഡമിയുടെയും കമ്യൂണിറ്റി സ്കൂളിൻറെയും നേതൃത്വത്തിൽ നടന്നു വരുന്നു. ലെസ്റ്ററിലും യുകെയിലെമ്പാടും ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനാണ് LKC ഷെയർ ആൻഡ് കെയർ പദ്ധതിയിടുന്നത്.