ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലയിൽ സ്വകാര്യവത്കരണത്തിന് ശേഷം ജല വിതരണത്തിൽ ഏറ്റവും വലിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. അറിയിപ്പില്ലാതെ പരിശോധന, എംഒടി പരിശോധനയെ പോലെ സ്ഥിരമായ വിലയിരുത്തൽ, ഗൃഹോപകരണങ്ങൾക്ക് നിർബന്ധിത ജലക്ഷമത ലേബലുകൾ എന്നിവയാണ് പുതിയ നടപടികൾ. മോശം പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജലകമ്പനികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും എന്ന് പരിസ്ഥിതി സെക്രട്ടറി എമ്മ റെയ്നൾഡ്സ്, വ്യക്തമാക്കി. മലിനീകരണം, ചോർച്ച, ജലവിതരണ തടസ്സം എന്നിവ വർധിച്ചതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാട്ടർ കമ്പനികൾ സ്വന്തം പ്രവർത്തനം വിലയിരുത്തുന്ന സംവിധാനം പാളിയതായും, നിയന്ത്രണ സംവിധാനങ്ങൾ അടക്കം മുഴുവൻ ഘടനയും പരാജയപ്പെട്ടതായും റെയ്നൾഡ്സ് പറഞ്ഞു. പുതിയ നിർദേശങ്ങൾ പ്രകാരം, ഓരോ വാട്ടർ കമ്പനിയെയും പ്രത്യേകം നിരീക്ഷിക്കാൻ പ്രത്യേക ടീമുകൾ രൂപീകരിക്കും. സ്മാർട്ട് മീറ്ററുകളും വാഷിംഗ് മെഷീൻ, ഡിഷ് വാഷർ തുടങ്ങിയ ഉപകരണങ്ങൾക്ക് ജലക്ഷമത ലേബലുകളും ഉപഭോക്താക്കൾക്ക് ഉപയോഗവും ചെലവും മനസ്സിലാക്കാൻ സഹായിക്കും. ഒഫ്വാട്ടിന് പകരം പുതിയ റെഗുലേറ്റർ വരാനും, അതിന്റെ ഭാഗമായി ചീഫ് എഞ്ചിനീയർ പദവി സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, ഈ പരിഷ്കാരങ്ങൾ മതിയാകില്ലെന്ന് പരിസ്ഥിതി സംഘടനകൾ വിമർശിച്ചു. ലാഭത്തിന് മുൻഗണന നൽകുന്ന സ്വകാര്യ മോഡൽ തുടരുന്നിടത്തോളം മലിനീകരണം അവസാനിക്കില്ലെന്ന് ക്യാമ്പെയ്‌നർമാർ വിമർശനം ഉന്നയിച്ചിട്ടുണ്ട് . 2024ൽ മാത്രം 36 ലക്ഷം മണിക്കൂറിലധികം അസംസ്‌കൃത മലിനജലം നദികളിലേക്കും കടലിലേക്കും ഒഴുക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജലവിതരണത്തിലെ തടസ്സം 8 ശതമാനവും മലിനീകരണ സംഭവങ്ങൾ 27 ശതമാനവും വർധിച്ചു. ശരാശരി വാട്ടർ ബിൽ £123 വരെ ഉയർന്നതോടെ ഉപഭോക്തൃ അസന്തുഷ്ടി കൂടുകയും ചെയ്തു . പുതിയ നിക്ഷേപങ്ങൾ വഴി നദികളുടെ അവസ്ഥ മെച്ചപ്പെടുമോ എന്നതാണ് ഇനി ജനങ്ങളുടെ പ്രധാന പ്രതീക്ഷ.