ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്റെ ഹൃദയഭാഗമായ റോയൽ മിന്റ് കോർട്ടിൽ ചൈനയുടെ വലിയ എംബസി നിർമാണത്തിന് യുകെ സർക്കാർ അനുമതി നൽകി. ചാരപ്രവർത്തന സാധ്യതയും ദേശീയ സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടി ശക്തമായ എതിർപ്പ് ഉയർന്നിരുന്നെങ്കിലും, രഹസ്യാന്വേഷണ ഏജൻസികളുടെ അഭിപ്രായം തേടിയ ശേഷമാണ് തീരുമാനം. ഒരേ സ്ഥലത്ത് ചൈനയുടെ എല്ലാ നയതന്ത്ര പ്രവർത്തനങ്ങളും കേന്ദ്രീകരിക്കുന്നത് സുരക്ഷയ്ക്ക് ഗുണകരമാകുമെന്നാണ് സർക്കാരിന്റെ വാദം. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഈ വർഷം ആദ്യം ചൈന സന്ദർശിക്കാനിരിക്കെയാണ് തീരുമാനം.

എംബസി നിർമാണം ലണ്ടൻ നഗരകേന്ദ്രത്തിനും നിർണായക ഫൈബർ ഓപ്റ്റിക് കേബിളുകൾക്കും സമീപമാണെന്നത് ആശങ്ക ഉയർത്തിയിരുന്നു. ഇതു വഴി യുകെയുടെ ധനകാര്യ സംവിധാനത്തിലേക്ക് ചൈന കടന്നു കയറാമെന്നായിരുന്നു വിമർശകരുടെ ആരോപണം. എന്നാൽ കേബിളുകൾക്ക് ഭീഷണി ഉണ്ടാകുമെന്നതിന് തെളിവില്ലെന്ന് ഹോം ഓഫീസ്, ഫോറിൻ ഓഫീസ് അടക്കമുള്ള സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. എല്ലാ അപകടങ്ങളും പൂർണമായി ഒഴിവാക്കാനാകില്ലെങ്കിലും, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എംഐ5വും ജിസിഎച്ച്ക്യുവും അറിയിച്ചു.

എതിര് കക്ഷികളും ചില ലേബര്‍ എംപിമാരും തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ചൈനയോട് അടുപ്പം കാണിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇളവ് നൽകിയതെന്ന ആരോപണമാണ് ഉയരുന്നത്. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ എംബസി യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് എംബസിയായിരിക്കും. 2018 – ൽ £255 മില്യണിന് വാങ്ങിയ സ്ഥലത്തെ പദ്ധതി മുമ്പ് തദ്ദേശ ഭരണകൂടം തള്ളിയിരുന്നെങ്കിലും, പിന്നീട് സർക്കാർ നേരിട്ട് ഇടപെട്ടാണ് അനുമതി നൽകിയത്. ചൈനയിൽ യുകെയുടെ എംബസി പുനർനിർമാണത്തിന് ഇപ്പോഴും അനുമതി കാത്തിരിക്കുന്ന സാഹചര്യവും തീരുമാനത്തിന് പിന്നിലുണ്ടെന്ന വിലയിരുത്തലുണ്ട്.











Leave a Reply