ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അപേക്ഷകരുടെ വർദ്ധനവിനെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളോട് ഒരു വർഷത്തേക്ക് തങ്ങളുടെ കോഴ്സ് നീട്ടി വയ്ക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എക്സറ്റർ യൂണിവേഴ്സിറ്റി. ഇത്തരത്തിൽ നീട്ടി വയ്ക്കുന്നവർക്ക് അടുത്ത വർഷം സൗജന്യ താമസ സൗകര്യവും, 10,000 പൗണ്ട് തുകയും ഉറപ്പാണെന്ന വാഗ് ദാനവും യൂണിവേഴ്സിറ്റി നൽകുന്നുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വിദ്യാർഥികളുടെ വർദ്ധനവാണ് മെഡിക്കൽ അഡ്മിഷൻ രംഗത്ത് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിൽ സർക്കാർ ഈ വർഷം വെട്ടിച്ചുരുക്കൽ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ കുട്ടികൾ അടുത്ത വർഷത്തേക്ക് കാത്തിരുന്നാൽ, അടുത്ത വർഷം അഡ്മിഷൻ എടുക്കുന്നവരെ ഇത് കാര്യമായി ബാധിക്കും. എക്സറ്റർ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ 2022 ലേയ്ക്ക് കാത്തിരിക്കുവാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തിൽ കാത്തിരിക്കുന്നവർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുമെന്നാണ് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി 6574 പൗണ്ട് മുതൽ 7611 പൗണ്ട് വരെയാണ് വിദ്യാർത്ഥികളോട് താമസ സൗകര്യത്തിനായി യൂണിവേഴ്സിറ്റി ഈടാക്കുന്നത്. വളരെ അധികം വിദ്യാർഥികൾ ഈവർഷം തങ്ങളുടെ പഠനത്തിനായി എക്സറ്റർ യൂണിവേഴ്സിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊഫസർ മാർക്ക് ഗുഡ്‌വിൻ അറിയിച്ചു. അഡ്മിഷൻ എടുക്കുന്നവർക്ക് ഏറ്റവും മെച്ചപ്പെട്ട സൗകര്യവും, പഠനാന്തരീക്ഷവും ഒരുക്കുക എന്നത് യൂണിവേഴ്സിറ്റിയുടെ കർത്തവ്യമാണ്. അതിനാൽ തന്നെയാണ് അധികമുള്ള കുട്ടികളോട് കാത്തിരിക്കുവാനായി ആവശ്യപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കായി ചെലവാക്കേണ്ടുന്ന തുകയുടെ അളവ് വളരെ കൂടുതലായതിനാൽ ആണ് ഗവൺമെന്റ് ഇത്തരത്തിലുള്ള സീറ്റുകളുടെ എണ്ണം കുറച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസാന വർഷങ്ങളിൽ എൻഎച്ച്എസ് ആശുപത്രികളിൽ വിദ്യാർഥികൾ സേവനം ചെയ്യേണ്ടതുമാണ്. ഗവൺമെന്റിൻെറ ഭാഗത്തുനിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.