ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷയറിൽ നിർമിക്കാൻ അനുമതി നൽകിയ എഐ ഡേറ്റാസെന്ററിന് നൽകിയ സർക്കാർ അംഗീകാരം റദ്ദാക്കേണ്ടതാണെന്ന് സർക്കാർ തന്നെ കോടതിയിൽ സമ്മതിച്ചു. പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പൂർണമായി വിലയിരുത്താതെയാണ് അനുമതി നൽകിയതെന്ന് സർക്കാർ അംഗീകരിച്ചു. എം25 പാതയ്ക്കരികിലെ ഗ്രീൻബെൽറ്റ് ഭൂമിയിൽ നിർദേശിച്ച പദ്ധതിക്ക് പരിസ്ഥിതി പ്രഭാവ പഠനം നിർബന്ധമാക്കിയില്ലെന്നത് “അപര്യാപ്തമായ കാരണം” ആണെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ, പ്രചാരണ സംഘങ്ങൾ “ലജ്ജാകരമായ പിന്മാറ്റം” എന്നാണ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലേബർ സർക്കാരിന്റെ എഐ നിക്ഷേപം വേഗത്തിലാക്കാനുള്ള നയത്തിന്റെ ഭാഗമായി, പ്രാദേശിക കൗൺസിലിന്റെ എതിർപ്പ് മറികടന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ പിന്‍ഗാമിയായ സ്റ്റീവ് റീഡ്, സർക്കാർ “ ഗൗരവമായ തെറ്റ് നടത്തിയതായി കോടതിയിൽ സമ്മതിച്ചു. വെസ്റ്റ് ലണ്ടൻ ടെക്‌നോളജി പാർക്ക് എന്നറിയപ്പെടുന്ന ഈ പദ്ധതി ഏകദേശം 1 ബില്യൺ പൗണ്ടിന്റെ വിദേശ നിക്ഷേപം ആകർഷിക്കുമെന്ന് പ്രമോട്ടർമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഡേറ്റാസെന്ററുകളുടെ ഉയർന്ന വൈദ്യുതി ഉപയോഗവും ജല ഉപയോഗവും കാർബൺ പുറന്തള്ളലും പരിഗണിച്ചില്ലെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം.

ഡേറ്റാസെന്ററുകളുടെ നിർമാണം വേഗത്തിലാക്കി സാങ്കേതിക നിക്ഷേപം ആകർഷിക്കാനുള്ള സർക്കാരിന്റെ തന്ത്രത്തിന് ഈ കേസ് തിരിച്ചടിയായി. 2024ൽ എഐ ഡേറ്റാസെന്ററുകളെ സർക്കാർ ദേശീയ അടിസ്ഥാന സൗകര്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വലിയ ടെക് കമ്പനികളുടെ ലാഭത്തിന് മുൻഗണന നൽകി പൊതുജന താൽപര്യവും പരിസ്ഥിതിയും അവഗണിക്കുകയാണ് സർക്കാർ എന്ന വിമർശനവും ശക്തമാണ്. 2024ൽ 1.6 ജിഗാവാട്ടായിരുന്ന ബ്രിട്ടനിലെ ഡേറ്റാസെന്റർ ശേഷി 2030ഓടെ നാലിരട്ടി ഉയരുമെന്നാണ് കണക്കുകൾ കാണിക്കുന്നത് . എങ്കിലും അത് പോലും ആവശ്യങ്ങൾക്ക് മതിയാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത് .