ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസറുമായി ബന്ധമുള്ള 120 ജീനുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി എൻഎച്ച്എസ് ഇംഗ്ലണ്ട് പുതിയ ജീൻ ഡേറ്റാബേസ് ആരംഭിക്കുന്നു. രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ക്യാൻസർ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി അറിയാൻ ഇതിലൂടെ കഴിയും. ജനിതക വിവരങ്ങൾ ഈ ഡേറ്റാബേസുമായി താരതമ്യം ചെയ്ത് ഉയർന്ന അപകടസാധ്യതയുള്ളവരെ കണ്ടെത്താൻ സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അത്തരക്കാർക്ക് ബ്രസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കായി സ്ഥിരമായ പരിശോധനകളും സ്ക്രീനിങ്ങും നൽകും.

ജനിതക അപകട സാധ്യതയുള്ളവരെ പ്രത്യേക രജിസ്റ്ററിൽ ഉൾപ്പെടുത്തി വ്യക്തിഗത ചികിത്സയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത് . ചില രോഗികൾക്ക് പ്രത്യേക മരുന്നുകളോ ചികിത്സാരീതികളോ കൂടുതൽ ഫലപ്രദമാണോ എന്നും പരിശോധിക്കും. ഇതിലൂടെ രോഗം തുടക്കത്തിലേ കണ്ടെത്താനും ശരിയായ ചികിത്സ നൽകാനും സാധിക്കുമെന്ന് എൻഎച്ച്എസ് പറയുന്നു. ഈ പദ്ധതി ക്യാൻസർ പ്രതിരോധത്തിനും ചികിത്സ മെച്ചപ്പെടുത്തുന്നതിനുമായി തയ്യാറാക്കിയ 10 വർഷത്തെ പദ്ധതിയുടെ ഭാഗമാണ്.

“ജീവൻ രക്ഷിക്കുന്ന, ജീവിതം മാറ്റുന്ന പദ്ധതി” എന്നാണ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഇതിനെ വിശേഷിപ്പിച്ചത് . ഒരാളുടെ ജനിതക ഘടന മാറ്റാൻ കഴിയില്ലെങ്കിലും, അതിന്റെ വിവരങ്ങൾ ശരിയായി ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു. മുൻപ് ലിഞ്ച് സിൻഡ്രോം ഡേറ്റാബേസ് വഴി ആയിരക്കണക്കിന് ആളുകൾക്ക് നേരത്തെ പരിശോധനയും ചികിത്സയും ലഭിച്ചതായി എൻഎച്ച്എസ് വ്യക്തമാക്കി. പുതിയ ഡേറ്റാബേസ് കർശനമായ സുരക്ഷയും രഹസ്യത്വവും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.











Leave a Reply