ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഫ്ഗാനിസ്ഥാനില്‍ സേവനം ചെയ്ത ബ്രിട്ടീഷ് സൈനികരെ പ്രശംസിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു . നാറ്റോ സൈന്യം യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് വിട്ടുനിന്നുവെന്ന ട്രംപിന്റെ വാക്കുകൾ വൻ വിവാദത്തിനാണ് തിരികൊളുത്തിയത് . ഈ പരാമര്‍ശങ്ങള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളില്‍ കടുത്ത വിമര്‍ശനം നേരിട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മര്‍ ട്രംപിന്റെ പ്രസ്താവനയെ “അപമാനകരവും അതീവ ദുഖകരവും” എന്ന് വിശേഷിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ യുദ്ധം നാറ്റോയുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷ് സൈനികര്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പം തന്നെ മുന്നണിയില്‍ പോരാടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാദങ്ങള്‍ക്കുശേഷം സ്റ്റാര്‍മറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ, ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്‌ഫോമില്‍ ബ്രിട്ടീഷ് സൈനികരെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചു. അഫ്ഗാനിസ്ഥാനില്‍ സേവനത്തിനിടെ 457 ബ്രിട്ടീഷ് സൈനികര്‍ വീരമൃത്യു വരിച്ചുവെന്നും, നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായെന്നും ട്രംപ് ഓര്‍മിപ്പിച്ചു. ബ്രിട്ടീഷ് സൈനികര്‍ “ലോകത്തിലെ ഏറ്റവും മഹത്തായ യോദ്ധാക്കളില്‍ പെട്ടവരാണെന്നും , യുഎസും ബ്രിട്ടനും തമ്മിലുള്ള സൈനികബന്ധം ഒരിക്കലും തകരാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് നേരിട്ടുള്ള മാപ്പ് ട്രംപ് ഇതുവരെ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അഫ്ഗാന്‍ യുദ്ധത്തില്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ വഹിച്ച പങ്ക് ചെറുതാക്കുന്ന പ്രസ്താവനകള്‍ക്കെതിരെ സൈനികര്‍, വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരില്‍ നിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടായത്. പ്രിന്‍സ് ഹാരി നാറ്റോയുടെ കൂട്ടായ സുരക്ഷാ ഉടമ്പടിയായ ആര്‍ട്ടിക്കിള്‍ 5, 9/11 ആക്രമണത്തിന് ശേഷം ആദ്യമായും അവസാനമായും പ്രാബല്യത്തില്‍ വന്നതാണെന്ന് ഓര്‍മിപ്പിച്ചു. യുഎസിന് പിന്നാലെ ഏറ്റവും കൂടുതല്‍ സൈനികരെ അഫ്ഗാനിസ്ഥാനില്‍ നഷ്ടപ്പെട്ട രാജ്യം ബ്രിട്ടനാണെന്നും, ഹെല്‍മാന്‍ഡ് പ്രവിശ്യയിലെ കനത്ത പോരാട്ടങ്ങളില്‍ നിരവധി ബ്രിട്ടീഷ് സൈനികര്‍ ജീവന്‍ ത്യജിച്ചതാണെന്നും നേതാക്കള്‍ വ്യക്തമാക്കി. അവരുടെ ത്യാഗം ആദരത്തോടെ മാത്രമേ ചരിത്രം ഓര്‍ക്കാവൂ എന്നും ശക്തമായ അഭിപ്രായങ്ങളാണ് ട്രംപിൻറെ മലക്കം മറിച്ചിലിന് പിന്നിൽ.