ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

പരസ്പരം അടുത്തറിയുമ്പോഴാണ് ബന്ധങ്ങൾ ദൃഢമാകുന്നത്. കുടുംബബന്ധം ആയാലും സുഹൃത്ത് ബന്ധം ആയാലും. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വെളിവാക്കുന്നത് വിള്ളലുകൾ നിറഞ്ഞ മാനുഷികബന്ധങ്ങൾ വർദ്ധിക്കുന്നു എന്നതാണ്. ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ പങ്കാളിയ്ക്ക് ശരിക്കുമുള്ള തങ്ങളെ അറിയില്ലെന്ന് സമ്മതിക്കുന്നു. പങ്കാളിയുടെ യഥാർത്ഥ സ്വഭാവം, വ്യക്തിത്വം ഒക്കെ ഇന്ന് കൂടെ നടക്കുന്ന പലരും അറിയാതെ പോകുന്നു. 2000 പേരിൽ നടത്തിയ പഠനത്തിൽ മൂന്നിൽ രണ്ടുപേരും ഇക്കാര്യം സമ്മതിച്ചു. ഏതാണ്ട് അഞ്ചിലൊന്ന് പേരും അവരുടെ ഉറ്റസുഹൃത്തുക്കൾക്ക് പോലും ‘യഥാർത്ഥ’ തങ്ങളെ അറിയില്ലെന്ന് വിശ്വസിക്കുന്നു.

തങ്ങളുടെ വ്യക്തിത്വം യഥാർഥത്തിൽ മനസ്സിലാക്കുന്ന ആരും ജീവിതത്തിൽ ഇല്ലെന്ന തോന്നലുണ്ടെന്ന് പത്തിലൊന്ന് പേരും സമ്മതിച്ചു. ഉറ്റവരുമായി ഒന്നിച്ചുകൂടി വിശേഷ ദിനങ്ങളിൽ ഭക്ഷണം കഴിക്കുന്നതും മറ്റും അടുത്തറിയുന്നതിന് സഹായകരമാകുമെന്ന് മൂന്നിൽ രണ്ടു പേരും കരുതുന്നു. പിസ്സഎക്സ്പ്രസ്സ്‌ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പിസ്സ എക്സ്പ്രസ്സിലെ അമൻഡാ റോയ്സ്റ്റൺ പറഞ്ഞു: “ഈ സ്ഥിതിവിവരക്കണക്കുകൾ വളരെയധികം ദുഖകരമാണ്. നിലവിലെ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയിൽ, സമൂഹ സമന്വയത്തിന്റെ ആവശ്യകത ഏറെയാണ്. ഒപ്പം ചുറ്റുമുള്ളവരെ പിന്തുണയ്ക്കുന്നതും വളരെ ഗുണം ചെയ്യും.” ഇതുകൂടാതെ സമൂഹമാധ്യമങ്ങളും ജനങ്ങൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള വേദിയാകുന്നു. പഠനത്തിൽ പങ്കെടുത്തവർക്ക് കുറഞ്ഞത് 10 സുഹൃത്തുക്കൾ ഉണ്ട്. എന്നാൽ ഇതിൽ 2 പേരോട് മാത്രമേ തുറന്ന് സംസാരിക്കാനും ഇടപെടാനും കഴിയുന്നുള്ളു എന്നും അവർ വ്യക്തമാക്കി.