ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് ലണ്ടനിലുള്ള എച്ച് എം പി വോംവുഡ് സ്‌ക്രബ്‌സ് ജയിലിൽ നടന്ന പ്രതിഷേധത്തിനിടെ 86 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലസ്തീൻ ആക്ഷൻ പ്രവർത്തകനായ ഒരു തടവുകാരൻ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയായി എത്തിയവരാണ് ജയിലിന്റെ പരിസരത്ത് അനുമതിയില്ലാതെ പ്രവേശിച്ചതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സ്ഥലത്തു നിന്ന് മാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ അതിന് തയ്യാറായില്ലെന്നും, ജയിൽ ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുന്നത് തടഞ്ഞുവെന്നും പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിലർ ജയിൽ ജീവനക്കാരുടെ പ്രവേശന കവാടത്തിലൂടെ കെട്ടിടത്തിനകത്തേക്ക് കടന്നതായും, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, ജയിലിന്റെ പുറത്തു മുദ്രാവാക്യം വിളിച്ചും ബോർഡുകൾ പിടിച്ചും പ്രതിഷേധിക്കുന്നവരെ കാണാം. ചില ദൃശ്യങ്ങളിൽ പ്രതിഷേധക്കാർ കെട്ടിടത്തിനകത്തുള്ളതായി വ്യക്തമാക്കുന്ന ദൃശങ്ങളും പുറത്തു വന്നിട്ടുണ്ട്.

സംഭവം “ഗൗരവകരം” ആണെന്ന് നീതിന്യായ മന്ത്രാലയം പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധത്തിന് അവകാശമുണ്ടെങ്കിലും, അനധികൃത പ്രവേശനവും ഭീഷണിയും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രാലയം പറഞ്ഞു. ജയിൽ സുരക്ഷയ്ക്ക് ഒരു ഭീഷണിയും ഉണ്ടായില്ലെന്നും, ഉപവാസത്തിലിരിക്കുന്ന തടവുകാരെ ഡോക്ടർമാരുടെ നിരന്തര പരിശോധനയിലും ചികിത്സയിലും ഉൾപ്പെടുത്തി കൈകാര്യം ചെയ്യുന്നതായും വ്യക്തമാക്കി. ‘പ്രിസണേഴ്സ് ഫോർ പാലസ്തീൻ’ ക്യാമ്പയിനിന്റെ ഭാഗമായി ഉപവാസ സമരത്തിൽ തുടരുന്ന ഉമർ ഖാലിദിന് പിന്തുണയുമായാണ് പ്രതിഷേധം നടത്തപ്പെട്ടത് .