ഡോ. ഐഷ വി

ഒരു കശുവണ്ടി ഫാക്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു അവർ ജീവിതം കരുപിടിപ്പിച്ചിരുന്നത്. അവർ മാത്രമല്ല ആ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ വേതനത്തിന്റെ ഒരു പങ്ക് ലക്ഷ്യമിട്ട് കച്ചവടം ചെയ്തിരുന്നത്. മറ്റ് കച്ചവടക്കാരെ അപക്ഷിച്ച് ഇവർക്കുള്ള പ്രത്യേകത രണ്ട് പേർക്കും ഓരോ , ഏറുമാടക്കട സ്വന്തമായിട്ടുണ്ടായിരുന്നു എന്നതാണ്. മറ്റ് കച്ചവടക്കാർ തറയിൽ വിരിച്ചിട്ട ചാക്കിലോ പേപ്പറിലോ പാളയിലോ സാധനങ്ങൾ വച്ച് കച്ചവടം നടത്തുകയായിരുന്നു പതിവ്. ദേവകിയുടേയും വിജയമ്മയുടെയും ജീവിതത്തിൽ സമാനതകൾ ധാരാളമായിരുന്നു. രണ്ടു പേരും വ്യത്യസ്തമായ രാഷ്ട്രീയ പ്രബുദ്ധതയുള്ളവർ . രണ്ടു പേരും ഒരേ സാധനങ്ങൾ പരവൂർ കമ്പോളത്തിൽ നിന്നും എടുത്തു കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നവർ. വേഷത്തിൽ അല്പസ്വല്പം വ്യത്യാസമുണ്ട്. വിജയമ്മ നല്ല ടിപ് ടോപായി സാരിയുടുത്ത് മുടി പുട്ടപ്പ് ചെയ്ത് ഒരുങ്ങും. ദേവകി ഒരല്പം അലക്ഷ്യമായ വസ്ത്രധാരണമാണ്. ഒരു ചുവന്ന പ്രിന്റുള്ള കൈലി, ചുവപ്പ് നിറമുള്ള ബ്ലൗസ്, കാവി ഷാൾ ഹാഫ് സാരി ചുറ്റുന്നതുപോലെ ചുറ്റിയിരിക്കും. മുടി കൈ കൊണ്ട് ചീകി ഒതുക്കിയത് പോലെ തോന്നും.

രണ്ടു പേരും കശുവണ്ടി ഫാക്ടറിയിലെ ശമ്പള ദിവസവും തലേന്നും രാവിലേ തന്നെ പരവൂർ കമ്പോളത്തിലേയ്ക്ക് യാത്രയാകും . ആദ്യമൊക്കെ രണ്ടു പേരും ചിറക്കര ത്താഴത്തു നിന്നും പുത്തൻകുളം വരെ നടന്ന് രാവിലെ ആറേ മുക്കാലിനുള്ള എ കെ എം ബസ്സോ ഏഴു മണിയ്ക്കുള്ള കോമോസ് ബസ്സോ പിടിച്ച് പരവൂരിലേയ്ക്ക് . കൈയ്യിലുള്ള ചാക്കുകൾ നിറയെ പച്ചക്കറികൾ ശേഖരിച്ച് തിരികെ . പുത്തൻ കുളം വരെ ബസ്സിലെത്തിയ്ക്കുന്ന സാധനങ്ങൾ തല ചുമടായോ സൈക്കിളുള്ള ആരെയെങ്കിലും ആശ്രയിച്ചോ ചിറക്കര ത്താഴത്ത് എത്തിയ്ക്കും . 1983 ജനുവരിയിൽ ചിറക്കര ത്താഴത്തേയ്ക്ക് ആദ്യ ബസ്സെത്തിയപ്പോൾ അവർക്ക് ആശ്വാസമായി. കലയ് ക്കോടുള്ള ഒരു ബസ്സ് ഓണറുടെ ” ഉദയകുമാർ” എന്ന പേരിലുള്ള രണ്ട് ബസ്സുകളായിരുന്നു ചിറക്കത്താഴം – പരവൂർ – കുണ്ടറ റൂട്ടിൽ ഓടിയത്. അതോടെ ദേവകിയമ്മയ്ക്കും വിജയമ്മയ്ക്കും ആശ്വാസമായി. കമ്പോളത്തിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങൾ അവരരുടെ കടയുടെ മുന്നിൽ ഇറക്കാമെന്നായി. അധികം താമസിയാതെ കലയ് ക്കോട്ടെ ബസ് ഓണർ കൂനയിൽ ഉള്ള ഒരാൾക്ക് ബസ്സുകൾ വിറ്റു. പിന്നെ ബസ്സിന്റെ പേര് മാറി ശ്രീ മുരുകൻ എന്നായി. കശുവണ്ടി ഫാക്ടറിയിലെ എല്ലാ വെള്ളിയാഴ്ചയും ശമ്പള ദിവസമായിരുന്നതിനാൽ അന്ന് വൈകുന്നേരം ദേവകിയുടേയും വിജയമ്മയുടേയും മാത്രമല്ല മറ്റ് കച്ചവടക്കാരുടേയും കച്ചവടം പൊടിപൊടിയ്ക്കും.

വിജയമ്മയുടേയും ദേവകിയുടേയും ഏറുമാട കടയ്ക്കിരുവശങ്ങളിലായി നിരത്തിയിട്ടിരിക്കുന്ന ബഞ്ചുകളിലിരുന്നു “പട്ടിയാരത്തിൽ” കാരുടെ ചായക്കടയിൽ നിന്നോ ” വലിയ സോമന്റെ” ചായക്കടയിൽ നിന്നോ ചായയും കടിയും കഴിച്ചെത്തുന്ന അവരവരുടെ കക്ഷിരാഷ്ട്രീയത്തിൽപ്പെട്ടവർ സൊറ പറഞ്ഞിരിയ്ക്കും. കശുവണ്ടി ഫാക്ടറിയിൽ നിന്നും സ്ത്രീകൾ ഇറങ്ങിത്തുടങ്ങുമ്പോൾ ജങ്‌ഷൻ സജീവമാകും. അവരവർക്കാവശ്യമായ സാധനങ്ങൾ മുഴുവൻ അന്നേ ദിവസം കച്ചവടക്കാർ അവിടേയ്ക്ക് എത്തിച്ചിട്ടുണ്ടാകും. കശുവണ്ടിത്തൊഴിലാളികളായ സ്ത്രീകൾ ഫാക്ടറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങിവരുമ്പോൾ ആകെ കൂടി ഒരു ” കശുവണ്ടി” മണ മായിരിക്കും. ” ഷെല്ലിംഗ്” സെക്ഷനിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കൈ വെള്ള കണ്ടാലറിയാം , അണ്ടിക്കറ പിടിച്ച് വികൃതമായിരിയ്ക്കും. ” പീലിംഗ് / സോർട്ടിംഗ് സെക്ഷനിലുള്ളവരുടെ കൈകളും വസ്ത്രവും വൃത്തിയായിരിയ്ക്കും. (ഇക്കാലത്ത് എസ്എസ്എൽസിയോ പ്ലസ് ടുവോ പാസായ പെൺകുട്ടികളായിരിയ്ക്കും കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാർ . അവർ ഗ്ലൗസ് ഉപയോഗിക്കുന്നതിനാൽ എല്ലാവരുടേയും കൈകൾ വൃത്തിയായിരിയ്ക്കും.)

അഞ്ചാറോ ആറേഴോ അംഗങ്ങളായിരുന്നു വിജയമ്മയുടേയും ദേവകിയുടെയും വീടുകളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും ഓരോ കുട്ടിയെ കൂടി എടുത്തു വളർത്താനുള്ള സന്മനസ് രണ്ട് പേരും കാണിച്ചു.
ദേവകിയമ്മ തന്റെ ഒരു പ്രസവത്തിന് സർക്കാരാശുപത്രിയിൽ പോയപ്പോഴാണ് ഒരു പെൺകുഞ്ഞിനെ കൂടി അവർക്ക് ലഭിച്ചത്. തന്റെ പ്രസവത്തിന് മുമ്പ് ആശുപത്രിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ വന്ന് ഒരു കുട്ടിയെ ഇവരുടെ കൈയ്യിൽ കൊടു ത്തശേഷം ഞാനൊന്ന് ചായ കുടിച്ചിട്ട് വരാം അതുവരെ കുട്ടിയെ ഒന്ന് പിടിച്ചോളണേ എന്ന് പറഞ്ഞ് കൈയ്യിൽ കൊടുത്തിട്ട് പോയതാണ്. പിന്നെ തിരികെ വന്നില്ല. ആ പെൺകുഞ്ഞിനെ കുടാതെ താൻ പ്രസവിച്ച പെൺകുഞ്ഞും. അങ്ങനെ അവർ ആ കുട്ടിയെ കൂടി വളർത്തി. വിജയമ്മയ്ക്കാകട്ടെ ആൺമക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു മകളെ വേണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നതിനാലാണ് പുത്തൻ കുളത്തെ സന്തോഷ് ഹോസ്പിറ്റലിൽ വർക്കല ഭാഗത്തുള്ള ഒരു ഗൾഫുകാരന്റെ ഭാര്യ പ്രസവിച്ച് ഉപേക്ഷിച്ച് പോയ പെൺകുഞ്ഞിനെ എടുത്തു വളർത്താനായി ഓടിയെത്തിയത്. അവർ അതിനെ പൊന്നുപോലെ വളർത്തി.

തുടർച്ചയായ തൊഴിൽ സമരങ്ങൾ മൂലം കശുവണ്ടി ഫാക്ടറി ഉടമയിൽ നിന്നും കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറി ഏറ്റെടുത്ത് നടത്തി. കുറേനാൾ കഴിഞ്ഞ് തൊഴിൽ സമരങ്ങളും കശുവണ്ടിയുടെ ലഭ്യത കുറവും മൂലം ഫാക്ടറി പൂട്ടി. ഫാക്ടറി പൂട്ടിയത് അനേകം ആളുകളുടെ ജീവിതം വഴിമുട്ടാൻ ഇടയാക്കി. തൊഴിലാളികൾക്ക് തൊഴിലില്ലാതായി. വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടക്കാതായി. വിജയമ്മയും ദേവകിയമ്മയും അവരവർക്ക് ഏറുമാടക്കടയുള്ളതിനാൽ നേരത്തതുപോലെ ഉഷാറായില്ലെങ്കിലും ചെറിയ തോതിൽ കച്ചവടം അവരുടെ മരണം വരെ തുടർന്നു. കശുവണ്ടി ഫാക്ടറിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നവർ മറ്റ് തൊഴിൽ മേഖലയിലേയ്ക്ക് പതുക്കെ പതുക്കെ ചേക്കേറി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.