ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് കുട്ടികൾക്ക് കേൾവി പരിശോധന, സംസാര–ഭാഷ ചികിത്സ, വൈകല്യ പിന്തുണ തുടങ്ങിയ എൻഎച്ച്എസ് സമൂഹാരോഗ്യ സേവനങ്ങൾ ലഭിക്കാൻ ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടിവരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു . നിലവിൽ ഏകദേശം 3 ലക്ഷം കുട്ടികൾ കാത്തിരിപ്പിലുണ്ടെന്നും ഇതിൽ നാലിലൊന്ന് പേർക്ക് 12 മാസത്തിലധികം കാത്തിരിക്കേണ്ടി വന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുട്ടികളുടെ ദീർഘകാല കാത്തിരിപ്പുകൾ ആറ് മടങ്ങായി ആണ് വർധിച്ചത് . ഈ വൈകല്യങ്ങൾ കുട്ടികളുടെ ആരോഗ്യത്തെയും വളർച്ചയെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടൻ സ്വദേശിനിയായ ടിയ കറിയുടെ ആറുവയസ്സുള്ള മകൻ അരുണിന് സംസാരവൈകല്യമുണ്ടായിരുന്നുവെങ്കിലും വെയിറ്റിംഗ് ലിസ്റ്റുകൾക്കുമീതെ വെയിറ്റിംഗ് ലിസ്റ്റുകൾ ആണ് ലഭിച്ചതെന്ന് അവർ വേദനയോടെ വെളിപ്പെടുത്തി. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം 4,000 പൗണ്ട് ചെലവിട്ട് സ്വകാര്യമായി ചികിത്സ തേടേണ്ടിവന്നു. അതിനു ശേഷമാണ് കുട്ടിക്ക് ഡെവലപ്പ്മെന്റൽ ലാംഗ്വേജ് ഡിസോർഡർ (DLD) സ്ഥിരീകരിച്ചത് . നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുട്ടിക്ക് വലിയ പുരോഗതി ഉണ്ടാകുമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും നിരവധി കുട്ടികൾ നിർണായക വളർച്ചാകാലം നഷ്ടപ്പെടുത്തുകയാണെന്നും റിപ്പോർട്ട് പറയുന്നു.

എൻഎച്ച്എസ് നേതാക്കളും ശിശുരോഗ വിദഗ്ധരും സമൂഹാരോഗ്യ മേഖലയിലെ സാമ്പത്തിക പരിമിതികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിമർശനം ഉന്നയിച്ചു . ആശുപത്രി ബാക്ക്‌ലോഗിന് നൽകിയതുപോലെ തന്നെ മുൻഗണന കുട്ടികളുടെ സേവനങ്ങൾക്കും നൽകണമെന്ന് ആണ് അവർ ആവശ്യപ്പെടുന്നത് . ആശുപത്രികളിലേതുപോലെ 18 ആഴ്ച ലക്ഷ്യം സമൂഹാരോഗ്യ സേവനങ്ങൾക്കും നടപ്പാക്കുമെന്നും 10 വർഷത്തെ എൻഎച്ച്എസ് പദ്ധതിയിലൂടെ കൂടുതൽ നിക്ഷേപം ഉറപ്പാക്കുമെന്നും ആണ് വിമർശനങ്ങളോട് സർക്കാർ പ്രതികരിച്ചത് .