പന്നികളെ ക്രാഷ് ടെസ്റ്റ് ഡമ്മികളായി ഉപയോഗിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. സ്ലെഡുകളിൽ കെട്ടിയിട്ട് 30 മൈൽ വേഗതയിൽ മതിലിൽ ഇടിച്ച് പരീക്ഷണം നടത്തിയതിന്‍റെ ഭാഗമായി ഏഴു പന്നികളാണ് കൊല്ലപ്പെട്ടത്. എട്ടെണ്ണം ജീവച്ഛവമായി. മൃതദേഹങ്ങൾ പരിശോധിച്ച ഗവേഷകർ ശ്വാസകോശത്തിനാണ് ഏറ്റവും കൂടുതൽ പരിക്കേല്‍ക്കുന്നതെന്ന് കണ്ടെത്തി.

ചെറു പ്രായത്തിലുള്ള പന്നികളെ പരീക്ഷണത്തിനു മുന്‍പ് 24 മണിക്കൂർ പട്ടിണിക്കിട്ടിരുന്നു. ആറ് മണിക്കൂർ മുന്‍പാണ് അല്‍പം വെള്ളം നല്‍കിയത്. കുട്ടികൾക്കായി സീറ്റ് ബെൽറ്റുകൾ വികസിപ്പിക്കുന്നതിനാണ് പന്നികളില്‍ പരീക്ഷണം നടത്തുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു. പന്നോയുടെയും ആറുവയസ്സുള്ള മനുഷ്യക്കുഞ്ഞിന്‍റെയും ശരീരഘടന സമാനമാണെന്നതാണ് കാരണം. ഭാവിയിൽ സമാനമായ പരീക്ഷണങ്ങൾ തുടരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

എന്നാൽ പരീക്ഷണങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന് മൃഗ ഗവേഷണത്തെ പ്രതിരോധിക്കുന്ന ബ്രിട്ടീണില്‍നിന്നുള്ള വിദഗ്ധർ പറഞ്ഞു. ‘ക്രാഷ്-ടെസ്റ്റ് ഡമ്മികൾ മാര്‍ക്കറ്റില്‍ സുലഭമാണെന്നിരിക്കെ ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്’ യുകെ ആസ്ഥാനമായുള്ള ‘അണ്ടർസ്റ്റാൻഡിംഗ് അനിമൽ റിസർച്ച് ഗ്രൂപ്പ്’ അംഗം ക്രിസ് മാഗി പറയുന്നു.

മൂന്ന് വ്യത്യസ്ത സീറ്റ് ബെൽറ്റ് പരിഷ്കാരങ്ങളാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചതെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ക്രാഷ് വർത്തിനെസിൽ റിപ്പോർട്ട് ചെയ്ത ഗവേഷണത്തിൽ വിവരിക്കുന്നു. നെഞ്ചിനേയും അടിവയറ്റിനേയും പ്രധിരോധിക്കുന്ന രണ്ട് സമാന്തര ബെൽറ്റുകൾ, ഒരു ഡയഗണൽ ബെൽറ്റും, ലാപ് ബെൽറ്റുമാണ് പരീക്ഷിക്കപ്പെട്ടത്.