ന്യൂഡൽഹി: ആഴ്ചയിൽ അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് ജനുവരി 27-ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ഗൗരവമായി ബാധിക്കുമെന്ന് സൂചന. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഉൾപ്പെടുന്ന ഒൻപത് സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 24-ന് നാലാം ശനി, 25-ന് ഞായർ, 26-ന് റിപ്പബ്ലിക് ദിനം എന്നീ അവധികൾക്ക് പിന്നാലെ 27-ന് സമരവും ചേരുന്നതോടെ തുടർച്ചയായ നാലുദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ജനുവരി 23-ന് ചീഫ് ലേബർ കമ്മിഷണറുമായുള്ള അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് യുഎഫ്ബിയു നേതാക്കൾ അറിയിച്ചു. ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് യൂണിയൻ വൃത്തങ്ങൾ വ്യക്തമാക്കി. വിശദമായ ചർച്ചകൾ നടന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും അതുകൊണ്ടുതന്നെ സമരം അനിവാര്യമാണെന്നും അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതുമേഖലാ ബാങ്കുകളിലാണ് പ്രധാനമായും സമരം നടക്കുക. ഉപഭോക്താക്കൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധി അനുവദിച്ചിട്ടുള്ളത്. എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയായി പ്രഖ്യാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനുപകരമായി ആഴ്ചയിലെ അഞ്ചുദിവസങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികമായി ജോലി ചെയ്യാൻ സന്നദ്ധമാണെന്നും യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.