യുകെയില്‍ അടുത്ത മാസം മുതല്‍ ഷുഗര്‍ ടാക്‌സ് നിലവില്‍ വരുന്നു. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നികുതിയാണ് ഇത്. ഇത് പ്രാബല്യത്തിലാകുന്നതോടെ പെപ്‌സി, കൊക്കകോള തുടങ്ങിയ ഡ്രിങ്കുകളുടെ ലെവിയില്‍ വര്‍ദ്ധനവുണ്ടാകും. ജോര്‍ജ് ഓസ്‌ബോണ്‍ ചാന്‍സലറായിരുന്ന 2016 മാര്‍ച്ചിലാണ് സര്‍ക്കാര്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2018ല്‍ ഇത് നടപ്പിലാക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് 520 മില്യണ്‍ പൗണ്ടിന്റെ നികുതി വരുമാന വര്‍ദ്ധനവാണ് ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 6 മുതല്‍ പുതിയ നികുതി നിലവില്‍ വരും.

റെസിപ്പികളില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ക്ക് സമയമനുവിദിക്കുന്നതിനായാണ് നികുതി നിര്‍ദേശം പുറപ്പെടുവിച്ച ശേഷം രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചത്. 100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് പുതിയ ലെവി ബാധകമാവുക. ഡോ. പെപ്പര്‍, ഫാന്റ, സ്‌പ്രൈറ്റ് തുടങ്ങിയവയുടെ നികുതി നിരക്ക് കുറവായിരിക്കും. എന്നാല്‍ കോക്കകോള, പെപ്‌സി, അയണ്‍ ബ്രു തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉയര്‍ന്ന നികുതിയുള്ള വിഭാഗത്തിലായിരിക്കും. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഡ്രിങ്കുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി നമുക്കറിയാം. പൊണ്ണത്തടി മുതല്‍ പ്രമേഹം വരെ ഒട്ടേറെ അസുഖങ്ങള്‍ക്കാണ് ഇവ കാരണമാകുന്നത്. പക്ഷേ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ നിന്ന് നാം ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കാര്യത്തില്‍ നമ്മള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്നും ജോര്‍ജ് ഓസ്‌ബോണ്‍ 2016ല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം ഡ്രിങ്കുകളുടെ വില 18 പെന്‍സ് വര്‍ധിപ്പിക്കും. 8 ഗ്രാമില്‍ കൂടുതലാണ് ഷുഗറിന്റെ അളവെങ്കില്‍ 24 പെന്‍സിന്റെ വര്‍ധനവും ഉണ്ടാകും. സാധാരണ ഗതിയില്‍ 70 പെന്‍സിന് ലഭിക്കുന്ന കോക്കിന്റെ ക്യാനിന്റെ വിലയില്‍ 8 പെന്‍സിന്റെ വര്‍ധനവുണ്ടാകും. പെപ്‌സി, അയണ്‍ ബ്രു എന്നിവയുടെ ക്യാനിന് 8 പെന്‍സിന്റെ വര്‍ധനവും ഫാന്റ സ്‌പ്രൈറ്റ് എന്നിവയുടെ ബോട്ടിലിന് 6 പെന്‍സിന്റെയും വര്‍ധനവുണ്ടാകും. 1.75 മില്ലിലിറ്ററിന്റെ കോക്കിന്റെ വിലയില്‍ 1.25 പൗണ്ട് മുതല്‍ 1.29 പൗണ്ട് വരെ വര്‍ധനവ് ഉണ്ടായേക്കും.