ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈവ് ഫയർ പരിശീലനത്തിനിടെ സംഭവിച്ച അപകടത്തിൽ 25 വയസ്സുകാരനായ ബ്രിട്ടീഷ് സൈനിക ഓഫീസർ ക്യാപ്റ്റൻ ഫിലിപ്പ് ഗിൽബർട്ട് മൾഡോണി കൊല്ലപ്പെട്ടു . നോർത്ത്മ്പർലൻഡിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ഞായറാഴ്ച ഉണ്ടായ സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരിക്കുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 4-ാം റെജിമെന്റ് റോയൽ ആർട്ടില്ലറിയിലെ ഫയർ സപ്പോർട്ട് ടീം കമാൻഡറായിരുന്നു മൾഡോണി. സംഭവത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്നും സൈന്യം അറിയിച്ചു.
![]()
റോയൽ മിലിറ്ററി അക്കാദമി സാൻഡ്ഹർസ്റ്റിൽ പരിശീലനം നേടിയ മൾഡോണി 2020 ജനുവരിയിലാണ് സൈന്യത്തിൽ ചേർന്നത്. അതേ വർഷം ഡിസംബറിൽ റോയൽ ആർട്ടില്ലറിയിൽ കമ്മീഷൻ ലഭിച്ചു. 2021 നവംബറിൽ ആറുമാസത്തേക്ക് എസ്റ്റോണിയയിൽ വിന്യസിക്കപ്പെട്ട അദ്ദേഹം വിവിധ ചുമതലകൾ നിർവഹിച്ചു വരുകയായിരുന്നു . 2025 ജനുവരിയിൽ ഒരു കമാൻഡോ കോഴ്സിനിടെ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സേവനം താൽക്കാലികമായി നിർത്തി പുനരധിവാസത്തിലായിരുന്നു. ഇതിനു ശേഷമാണ് വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തിയത്.

മൾഡോണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ സഹസൈനികരും മേലുദ്യോഗസ്ഥരും ആദരാഞ്ജലികൾ അർപ്പിച്ചു. പ്രഗൽഭനും ആത്മാർത്ഥതയുള്ള ഓഫീസറായിരുന്നു ഗിൽബർട്ട്” എന്ന് 4-ാം റെജിമെന്റ് കമാൻഡിംഗ് ഓഫീസർ ലഫ്. കേണൽ ഹെൻറി വോളർ പറഞ്ഞു. എളുപ്പം സൗഹൃദം സ്ഥാപിക്കുന്ന സ്വഭാവവും അതിരുകളില്ലാത്ത ഊർജവും പുഞ്ചിരിയും അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കിയതായും സഹപ്രവർത്തകർ ഓർമ്മിച്ചു. യൂണിറ്റിനും സുഹൃത്തുക്കൾക്കും കുടുംബത്തിനുമുള്ള നഷ്ടം അതീവ വേദനാജനകമാണെന്ന് സൈന്യം അറിയിച്ചു.











Leave a Reply