ജിജോ വാളിപ്ലാക്കീല്‍
ജനൂവരി പത്താം തീയതി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്രദ്ദേയമായി. നാടകത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി നാടകത്തിലെ പ്രധാന കഥാപത്രമായ നാഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്റ്റിന്റെ സഹായത്താല്‍ സ്റ്റേജിലെ സ്ക്രീനീല്‍ പുനരാവിഷ്കരിച്ചതാണ് കാണികളെ അത്ഭുതപ്പെടുത്തിയത്. ജ്ഞാനപീഠ ജേതാവായ പ്രശസ്ത ഇന്ത്യൻ നാടകകൃത്തായ ഗിരീഷ് കർണാടക രചിച്ച കൃതിയെ ആസ്പദമാക്കിയതാണ് ഈ നാടകം.
കന്നടയിൽ രചിക്കപ്പെട്ട ഈ നാടകം മനുഷ്യബന്ധങ്ങളിലെ അധികാരം ആഗ്രഹം പുരുഷ മേധാവിത്വം എന്നിവയെ കുറിച്ചാണ് സംസാരിക്കുന്നത്. സമൂഹം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും നൈതികതയെയും എങ്ങനെ നിയന്ത്രിക്കുകയും നിർവചിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഈ നാടകം വളരെയേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സാമൂഹിക പുരോഗതികൾ ഉണ്ടായിട്ടും ഇത്തരം വിഷയങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നതാണ് ഈ കൃതിയെ ശക്തവും ചിന്താ പ്രേരകവും ആക്കുന്നത്.

നാടകത്തിന്റെ സംവിധായകനായ സുമേഷ് അരവിന്ദാക്ഷൻ പറഞ്ഞു – ” പരിചിതമായ ഒരു കഥ വീണ്ടും പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം വിവിധ തലമുറകളിലും സംസ്കാരങ്ങളിലുമായി ഈ കഥ എന്നും എന്തുകൊണ്ട് പ്രസക്തമാണ് എന്ന് പരിശോധിക്കുകയായിരുന്നു”. സാമൂഹികമായും സാങ്കേതികമായും സാംസ്കാരികമായും ലോകം വലിയ മാറ്റങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ ജീവിതത്തിൽ സമൂഹം ചെലുത്തുന്ന നിയന്ത്രണങ്ങളും തെരഞ്ഞെടുക്കപ്പെട്ട നൈതികതകളും ഇന്നും നിലനിൽക്കുന്നു എന്നും സുമേഷ് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സമൂഹത്തിന് അതിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി പോലെയാണ് ഈ അവതരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ കഥ കൂടുതൽ ആഴത്തിൽ തന്നെ കാണികളുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകളും ദൃശ്യപ്രഭാവങ്ങളും നാഗമണ്ഡല ടീം ഉപയോഗിച്ചു. എന്നാൽ ദൃശ്യ ആഡംബരത്തിന് അല്ല പ്രതീകാത്മകത ശക്തമാക്കാൻ ആയിരുന്നു ഇതിന്റെ ഉപയോഗം. നാടകത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം എ ഐ സാങ്കേതികവിദ്യയുടെ ഉൾക്കൊള്ളൽ ആയിരുന്നു. വേദിയിലെ അഭിനേതാക്കൾ പശ്ചാത്തലമായി ഉപയോഗിച്ച എൽ ഇ ഡി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന പാമ്പ് നായ തുടങ്ങിയ മനുഷ്യരല്ലാത്ത കഥാപാത്രങ്ങളുമായി ഇടപഴകുന്ന രീതിയാണ് ഇവർ അവലംബിച്ചത്. മലയാള നാടകവേദി ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഈ സമീപനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

നാടകത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാടക നിർമ്മാണത്തിൽ സംവിധായകനോട് ഒപ്പം നിന്ന സീമ ഗോപിനാഥ് പറഞ്ഞു “വേദിയിലെ അവതരണത്തിൽ മാത്രമല്ല നാടകം അവസാനിച്ചതിനുശേഷം പ്രേക്ഷകരിൽ നടക്കുന്ന സംവാദങ്ങളിലാണ് അർത്ഥവത്തായ നാടകത്തിന്റെ ശക്തി”. ഈ കഥ വീണ്ടും അവതരിപ്പിച്ചതിലൂടെ കഥകൾ നിലനിൽക്കുന്നത് ഇന്നത്തെ സമൂഹത്തെ ചോദ്യം ചെയ്യാനാണ് എന്ന് തിരിച്ചറിവ് കൂടി ഞങ്ങൾക്കും ഉണ്ടായി എന്ന് അവർ കൂട്ടിച്ചേർത്തു.
നാടകത്തിലെ അഭിനേതാക്കൾ സുഷമ ശ്രീനിവാസ, സുമേഷ് അരവിന്ദാക്ഷൻ, ജോസൻ കുഞ്ഞുമോൻ, സീമ ഗോപിനാഥ്, ഷനിൽ അനങ്കാരത്ത്, രാജി ഫിലിപ്സ്, ജയ്സൺ മാത്യു, ജിമിൻ ജോർജ്, അച്ചിന കൃഷ്ണ, മഹാലക്ഷ്മി മോഹൻ, നീതു ജിമിൻ, ശിൽപ സിബിൻ എന്നിവരായിരുന്നു. വോയിസ് ഓവർ പിന്തുണ നൽകിയത് എയ്ഞ്ചൽ റാണി & രാജി ഫിലിപിസ്. സാങ്കേതിക സഹായവും ഉപദേശവും വിഗ്നേഷ് വ്യാസ്, ആദർശ് കുര്യൻ എന്നിവർ നിർവഹിച്ചു. രംഗ സംവിധാനം നിർവഹിച്ചത് ജോബി ജോർജ്, ജിമിൻ ജോർജ്, അനൂപ് ചിമ്മൻ ഷനിൽ അലങ്കാരത്ത് എന്നിവരായിരുന്നു. നാടകത്തിന്റെ ആമുഖം അവതരിപ്പിച്ചത് ഈ സംഘത്തിന്റെ ക്രിയേറ്റീവ് മെന്റർ കൂടിയായ അരുൺ തങ്കം ആയിരുന്നു. പ്രദർശന ദിവസത്തിൽ ലൈറ്റിംഗ് സഹായം നൽകിയത് വിനു വി രത്നമ്മ. ടീസർ ട്രെയിലർ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ സീമ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഭദ്രം സ്കൂൾ ഓഫ് ഡാൻസ് കൈകാര്യം ചെയ്തു.











Leave a Reply