തിരുവനന്തപുരം ∙ 2026–27 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരണം നിയമസഭയിൽ സമാപിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം 11.53-നാണ് അവസാനിച്ചത്. രണ്ടു മണിക്കൂർ 53 മിനിറ്റ് നീണ്ട പ്രസംഗം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റായി മാറി. തോമസ് ഐസക്കും ഉമ്മൻചാണ്ടിക്കും ശേഷം ഏറ്റവും കൂടുതൽ സമയം എടുത്ത ബജറ്റ് അവതരണമാണ് ഇതെന്ന് സർക്കാർ വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ ഡിഎ–ഡിആർ കുടിശ്ശികകൾ തീർത്ത് നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു ഗഡു ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്നത് മാർച്ചിൽ വിതരണം ചെയ്യും. പുതിയ ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചു. ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും അറിയിച്ചു. ഏപ്രിൽ മുതൽ ഉറപ്പുള്ള പെൻഷൻ സംവിധാനത്തിലേക്ക് മാറുമെന്നും പ്രഖ്യാപനമുണ്ട്. കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന നിലപാട് ബജറ്റിൽ ആവർത്തിച്ചു. പദ്ധതിയുടെ പേരിലോ സാങ്കേതികതയിലോ പിടിവാശിയില്ലെന്നും തെക്ക്–വടക്ക് അതിവേഗ പാത സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്നും ധനമന്ത്രി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹിക ക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യമേഖലകൾക്ക് വൻ വിഹിതമാണ് ബജറ്റിൽ നീക്കിവെച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് 1,497.27 കോടി രൂപ അനുവദിച്ചു. അങ്കണവാടികളിൽ എല്ലാ പ്രവർത്തി ദിവസവും പാലും മുട്ടയും നൽകാൻ 80.90 കോടി വകയിരുത്തി. പ്രീ–പ്രൈമറി അധ്യാപകരുടെ വേതനം 1,000 രൂപ വർധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി രൂപയും, ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപയും അനുവദിച്ചു. റോഡ് വികസനം, ടൂറിസം, ഐടി, സ്റ്റാർട്ടപ്പ് മേഖലകളിലും ഗണ്യമായ നിക്ഷേപങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.