ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്കൂൾ പ്രവർത്തന ദിവസങ്ങളിൽ കുട്ടികളെ അവധിക്കായി കൊണ്ടുപോകുന്ന രക്ഷിതാക്കൾക്ക് ചുമത്തുന്ന പിഴയുടെ എണ്ണം വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം 4,59,288 പിഴകളാണ് ടേം-ടൈം അവധി എടുത്തതിന്റെ പേരിൽ ചുമത്തിയത്. ഇത് മുൻവർഷത്തേക്കാൾ നാല് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാതെ സ്കൂളിൽ വരാതിരുന്നതിന് ചുമത്തിയ മൊത്തം പിഴകളിൽ 93 ശതമാനവും ഇത്തരം അവധികളുമായി ബന്ധപ്പെട്ടവയാണ്.

2024 മുതൽ പ്രാബല്യത്തിൽ വന്ന നിയമഭേദഗതിയാണ് പിഴയുടെ തോതിലും എണ്ണത്തിലും വർധനയ്ക്ക് വഴിവച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുമ്പ് 60 പൗണ്ടായിരുന്ന പിഴ, പുതിയ ചട്ടമനുസരിച്ച് ഓരോ രക്ഷിതാവിനും ഓരോ കുട്ടിക്കും 80 പൗണ്ടായി ഉയർത്തിയിരുന്നു. ഈ നിയമഭേദഗതി ഉൾപ്പെടുത്തി പുറത്തുവിട്ട ആദ്യ കണക്കുകളാണിത്. സ്കൂൾ ദിനങ്ങളിൽ കുട്ടികളെ വിട്ടുനിർത്തുന്ന പ്രവണത തടയുന്നതിനായാണ് സർക്കാർ നടപടി കടുപ്പിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

സ്കൂൾ സമയത്തെ അവധികൾ കുട്ടികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്നതായും, ഒരു വിദ്യാർത്ഥിയുടെ അവധി പോലും മുഴുവൻ ക്ലാസിന്റെ പഠനക്രമത്തെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ചില രക്ഷിതാക്കൾ ഇത്തരം യാത്രകൾ കുട്ടികൾക്ക് പുസ്തകാതീതമായ അറിവും ജീവിതാനുഭവങ്ങളും നൽകുന്നുവെന്നും അവയും പഠനത്തിന്റെ ഭാഗമാണെന്നുമാണ് വാദിക്കുന്നത്. ഇത്തരം പിഴകൾ ലഭിക്കുന്നവരിൽ മലയാളി രക്ഷിതാക്കളുമുണ്ട്. ഫ്ലൈറ്റ് ചാർജ്ജും ഉള്ള പരിഗണനകളും നൽകി യാത്ര ആസൂത്രണം ചെയ്യുന്ന സമയത്ത് സ്കൂൾ അവധി സമയം കൃത്യമായി പാലിക്കാൻ പറ്റാത്തതാണ് ഇതിന് കാരണം . ഫൈൻ ഈടാക്കുന്ന വിഷയത്തിൽ കുടുംബ സാഹചര്യങ്ങളും യാത്ര ചെലവുകളും പരിഗണിക്കാവുന്നതാണെന്ന അഭിപ്രായം ശക്തമാണ്.











Leave a Reply