ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിലുണ്ട്. ആദായനികുതി ഉദ്യോഗസ്ഥരുടെ നടപടികളാൽ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടതായാണ് റോയിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഐടി ഉദ്യോഗസ്ഥർ ആരോപണം നിഷേധിച്ചു.
സംഭവത്തിൽ രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമാണ്. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണ് മരണകാരണമെന്നു സിപിഎം ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടു. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനം ഉണ്ടായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ടു.
അതേസമയം, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. റോയിയുടെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തിൽ നേരത്തേ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന തുടരുന്നതിനിടെയാണ് റോയ് ഓഫീസിൽ എത്തി സ്വന്തം മുറിയിൽ കയറി ആത്മഹത്യ ചെയ്തതെന്നാണ് ഐടി വൃത്തങ്ങളുടെ വിശദീകരണം. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.











Leave a Reply