ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങളിൽ കടുത്ത മാറ്റങ്ങൾ കൊണ്ടുവരാനുള്ള ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിന്റെ നിർദേശങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെയും കെയർ തൊഴിലാളികളുടെയും കുടുംബങ്ങളിൽ കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത് . പ്രാക്സിസ് (Praxis) നടത്തിയ സർവേയിൽ പങ്കെടുത്ത ആയിരത്തിലധികം പേരിൽ മൂന്നിൽ രണ്ട് പേർക്ക് പുതിയ നിർദേശങ്ങൾ കാരണം യുകെ തങ്ങളെ സ്വാഗതം ചെയ്യുന്നതായി തോന്നുന്നില്ലെന്ന് വ്യക്തമാക്കി. അഞ്ചുവർഷം കഴിഞ്ഞാൽ ലഭിച്ചിരുന്ന സ്ഥിരതാമസാവകാശം പത്ത് വർഷമാക്കി ഇരട്ടിയാക്കാനും ബിരുദനിലവാരത്തിനു താഴെയുള്ള ജോലികളിലുള്ളവർക്ക് പ്രത്യേകിച്ച് കെയർ തൊഴിലാളികൾക്ക് 15 വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതുമാണ് സർക്കാർ അടുത്തിടെ നടപ്പാക്കിയ നിർദേശം. യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലും സാമൂഹിക പരിചരണ മേഖലകളിലും ജോലി ചെയ്യുന്ന നേഴ്സുമാരുടെയും കെയർ വർക്കർമാരുടെയും വലിയൊരു വിഭാഗം മലയാളികളാണെന്നതിനാൽ യുകെ മലയാളികളുടെ ഇടയിൽ ആശങ്ക വ്യാപകമാണ്.

സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ തൊഴിൽ വിസയിലുള്ളവരും, മൂന്നിലൊന്ന് പേർ ആരോഗ്യ-സാമൂഹിക പരിചരണ മേഖലയിലുള്ളവരുമാണ് . 10 ശതമാനം വിദ്യാഭ്യാസരംഗത്തും 15 ശതമാനം ഐടി മേഖലയിലുമാണ് ജോലി ചെയ്യുന്നത്. ഫാമിലി വിസയിലുള്ളവരിൽ 12 ശതമാനം 2020 ലെ ദേശീയ സുരക്ഷാ നിയമത്തിനു പിന്നാലെ ഹോങ്കോംഗിൽ നിന്നു കുടിയേറിയവരാണ് . പുതിയ ഈ മാറ്റങ്ങൾ മൂലം കുടുംബങ്ങൾ രാജ്യം വിടുമെന്ന ഭയം ശക്തമാണെന്നും മൂവായിരത്തിലധികം കുട്ടികൾക്ക് സ്ഥിരതാമസ പദവി ലഭിക്കാൻ ഇനി പത്ത് വർഷം വരെ കാത്തിരിക്കേണ്ടിവരുമെന്നും ഐപിപിആർ (IPPR) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷാവസാനത്തോടെ സ്ഥിരതാമസത്തിലേക്കുള്ള അപേക്ഷ സമർപ്പിച്ചവരിൽ 17 ലക്ഷം പേർ ഉണ്ടായിരുന്നുവെന്നും ഇവർക്ക് ഇനി അഞ്ചുവർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നിലവിലെ പത്ത് വർഷത്തെ സ്ഥിരതാമസ വിസയ്ക്ക് ഓരോ പ്രായപൂർത്തിയായ വ്യക്തിക്കും ഏകദേശം 20,000 പൗണ്ട് ആണ് ചിലവഴിക്കേണ്ടത് .

പുതിയ നടപടിക്രമങ്ങൾ കാരണം 50,000 വരെ നേഴ്സുമാർ യുകെ വിടാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . സർവേയിൽ പങ്കെടുത്ത പലരും നിയമങ്ങൾ അപ്രതീക്ഷിതമായി മാറിയതോടെ കുടുംബത്തിന്റെ ഭാവി അനിശ്ചിതമായതായി പറഞ്ഞു. 2009ൽ യുകെയിലെത്തിയ ആരോഗ്യപ്രവർത്തക ഫിസായോ ഉയർന്ന നികുതി അടച്ചിട്ടും, വിസ പുതുക്കലിനായി 30 മാസത്തിലൊരിക്കൽ വലിയ തുക ചെലവഴിക്കേണ്ടി വരുന്നതായി പ്രതികരിച്ചു. ഇതിനിടെ, ഏകദേശം 40 ലേബർ എംപിമാർ നിലവിൽ യുകെയിൽ കഴിയുന്ന കുടിയേറ്റക്കാരെ ബാധിക്കുന്ന മാറ്റങ്ങൾ നല്ലതല്ലെന്ന വിമർശനം ഉന്നയിച്ചിട്ടുണ്ട് . എന്നാൽ നിലവിൽ നടപ്പിലാക്കിയത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നിയമപരമായ കുടിയേറ്റ പരിഷ്കാരമാണെന്നും സ്ഥിരതാമസം ഒരു അവകാശമല്ലെന്നും പ്രസ്തുത വിഷയത്തിൽ ഹോം ഓഫിസ് പ്രതികരിച്ചു.











Leave a Reply