ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെ സമ്പദ്‌വ്യവസ്ഥ 2025ന്റെ അവസാന മൂന്ന് മാസങ്ങളിൽ വെറും 0.1% മാത്രമാണ് വളർന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . കഴിഞ്ഞ മൂന്നു മാസങ്ങളിലെ അതേ നിരക്കിലാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 0.2% വളർച്ച പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിനെക്കാൾ ഇത് കുറവാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) അറിയിച്ചു. 2025 മുഴുവൻ വളർച്ച 1.3% ആയിരുന്നു. ഇത് 2024ലെ 1.1%നെക്കാൾ മെച്ചപ്പെട്ടതെങ്കിലും ഔദ്യോഗിക പ്രവചനമായ 1.5%നെക്കാൾ താഴെയാണ് .

സേവനമേഖലയിൽ വളർച്ച ഇല്ലാതിരുന്നതാണ് സാമ്പത്തിക വളർച്ച മന്ദഗതിയിൽ ആകാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 80% പങ്ക് വഹിക്കുന്ന സേവനമേഖല മന്ദഗതിയിലായപ്പോൾ, 1.2% ഉയർന്ന ഉൽപ്പാദനമേഖലയാണ് ചെറിയ പിന്തുണ നൽകിയത്. അതേസമയം നിർമാണമേഖല 2.1% ആയി കുറയുകയും ചെയ്തു. നാല് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. അവസാന മൂന്നു മാസത്തിൽ ബിസിനസ് നിക്ഷേപം 2.7% ഇടിഞ്ഞപ്പോൾ ഉപഭോക്തൃ ചെലവ് വെറും 0.2% മാത്രമാണ് ഉയർന്നത്. നവംബർ ബജറ്റിന് മുമ്പുള്ള നികുതി വർധന സംബന്ധിച്ച അനിശ്ചിതത്വം കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ചെലവും നിക്ഷേപവും കുറയ്ക്കാൻ പ്രേരിപ്പിച്ചതായുള്ള വിലയിരുത്തലുകളും ശക്തമാണ്. സ്വകാര്യ മേഖലയുടെ പ്രവർത്തനം ഇപ്പോഴും ദുർബലമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

2025ന്റെ ആദ്യ പകുതിയിൽ 0.7 ശതമാനവും 0.3 ശതമാനവും വളർച്ചയോടെ യുകെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നെങ്കിലും, ജാഗ്വാർ ലാൻഡ് റോവറിനെ ബാധിച്ച സൈബർ ആക്രമണവും തുടർന്ന് ഉണ്ടായ ഉത്പാദന ഇടിവും വളർച്ചയെ ബാധിച്ചിരുന്നു . പുതിയ സർവേകൾ പ്രകാരം ജനുവരിയിൽ ബിസിനസും ഉപഭോക്താക്കളും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. 2026 ന്റെ ആദ്യ മൂന്ന് മാസത്തിൽ 0.4% വളർച്ച ആണ് പ്രതീക്ഷിക്കുന്നത് . 2026ൽ 1.4 ശതമാനവും 2030 വരെ ശരാശരി 1.5% വളർച്ചയുമാണ് ഔദ്യോഗിക പ്രവചനം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3.75% ആയി നിലനിർത്തിയിട്ടുണ്ടെങ്കിലും, വിലക്കയറ്റം കുറയുന്നതിനാൽ അടുത്ത മാസങ്ങളിൽ കുറവ് വരുത്താൻ സാധ്യതയുണ്ട്. ഇത് സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപത്തിനും അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന നിലപാടിലാണ് സർക്കാർ.











Leave a Reply