ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ കുട്ടികളുള്ള വാഹനങ്ങളിൽ വെയ്പിംഗ് നിരോധിക്കാൻ സർക്കാർ നീക്കം ആരംഭിച്ചു . കൂടാതെ കളിസ്ഥലങ്ങളിലും സ്കൂളുകളുടെ സമീപ പ്രദേശങ്ങളിലും ആശുപത്രികളുടെ പരിസരത്തുമാണ് പുകവലി, വെയ്പിംഗ്, ഹീറ്റഡ് ടുബാക്കോ ഉപയോഗം എന്നിവ വിലക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി 12 ആഴ്ച നീളുന്ന പൊതുചർച്ച വെള്ളിയാഴ്ച ആരംഭിച്ചു കഴിഞ്ഞു . ഇൻഡോർ ഇടങ്ങളിൽ ഇതിനകം പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും, പുതിയ നിർദേശപ്രകാരം അവിടങ്ങളും വെയ്പ്-ഹീറ്റഡ് ടുബാക്കോ ഫ്രീ മേഖലകളാക്കും. എന്നാൽ പബ് ഗാർഡനുകൾ, ബീച്ചുകൾ, സ്വകാര്യ ഔട്ട്‌ഡോർ ഇടങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. വീടുകളിൽ പുകവലിക്കും വെയ്പിംഗിനും വിലക്ക് ബാധകമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റുള്ളവർ പുകവലിക്കുന്നതിനാൽ കുട്ടികളും രോഗികളും ദുരിതമനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു, മറ്റുള്ളവരുടെ പുകവലി മൂലം അത് ഉപയോഗിക്കാത്തവർക്കും ഹൃദ്രോഗം, ശ്വാസകോശാർബുദം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആസ്ത്മ, ഹൃദ്രോഗം, സ്ട്രോക്ക്, വിവിധ തരത്തിലുള്ള ക്യാൻസർ, പ്രസവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ പുകവലിയുമായി ബന്ധപ്പെട്ട ഗൗരവമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. സർ ക്രിസ് വിറ്റി പറഞ്ഞു .

പത്ത് വർഷത്തെ ആരോഗ്യപദ്ധതിയുടെ ഭാഗമായാണ് രോഗചികിത്സയ്ക്ക് പകരം പ്രതിരോധത്തിന് മുൻഗണന നൽകുന്ന ഈ നീക്കം. എൻഎച്ച്എസിന് മേൽ വരുന്ന സമ്മർദ്ദം കുറയ്ക്കാനും പുകവലി രഹിത തലമുറ സൃഷ്ടിക്കാനുമാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ പാർലമെന്റിൽ പരിഗണനയിലുള്ള ടുബാക്കോ ആൻഡ് വെയ്പ്സ് ബില്ലിന് കീഴിൽ ഭാവിയിലുള്ള ചട്ടങ്ങൾ രൂപപ്പെടുത്താൻ പൊതുചർച്ചയിലെ അഭിപ്രായങ്ങൾ സഹായകരമാകും. നിയമം പ്രാബല്യത്തിൽ വരുന്നതിന് കുറഞ്ഞത് ആറുമാസത്തെ ഇടവേള നൽകുമെന്നും, നടപ്പാക്കൽ നിലവിലെ പുകവലി നിരോധന നിയമങ്ങളെ മാതൃകയാക്കുമെന്നും സർക്കാർ വ്യക്തമാക്കി. 2026 മേയ് 8ന് പൊതുചർച്ച അവസാനിക്കും.