ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുടുംബകോടതിയുടെ ഉത്തരവിനെ തുടർന്ന് ആറുവർഷത്തോളം മക്കളിൽ നിന്ന് അകറ്റപ്പെട്ടിരുന്ന ഒരു അമ്മയ്ക്ക് ആശ്വാസ മായി കോടതി വിധി . സൈക്കോളജിസ്റ്റിന്റെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ അമ്മയും മകനും വീണ്ടും ഒന്നിച്ചു. 2019 ഡിസംബറിൽ ഒൻപതും പന്ത്രണ്ടും വയസ്സുള്ള മക്കളെ അമ്മയിൽ നിന്ന് മാറ്റി പിതാവിന്റെ രക്ഷാകർത്തൃത്വത്തിൽ നൽകുകയായിരുന്നു. അമ്മ കുട്ടികളെ പിതാവിനെതിരെ തിരിച്ചതായി സൈക്കോളജിസ്റ്റ് മെലനി ഗിൽ നൽകിയ റിപ്പോർട്ട് കോടതിയാൽ അംഗീകരിക്കപ്പെട്ടതോടെയാണ് ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടത്. കൂടാതെ, മാതാപിതാക്കൾ തമ്മിലുള്ള ഗാർഹിക പീഡനാരോപണങ്ങൾ പരിശോധിക്കേണ്ടതില്ലെന്നും റിപ്പോർട്ട് നിർദേശിച്ചിരുന്നു.

കഴിഞ്ഞ മാസം ഇംഗ്ലണ്ടിലെ ഫാമിലി ഡിവിഷൻ പ്രസിഡന്റായ സർ ആൻഡ്രൂ മക്‌ഫാർലേൻ മുൻ വിധി റദ്ദാക്കുകയായിരുന്നു. ഗിൽ നൽകിയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആറുവർഷം താൻ കടുത്ത ദുരിതത്തിലായിരുന്നു എന്നാണ് വിധിയോട് അമ്മ പ്രതികരിച്ചത് . നവംബറിൽ 15-കാരനായ മകൻ സ്വന്തം അഭിഭാഷകനെ നിയമിച്ച് കോടതിയെ സമീപിച്ചതോടെ ആണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത് .
കുട്ടികളുടെ പിതാവ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ജനുവരി ഹിയറിംഗിൽ ഹാജരായില്ല. ഇപ്പോൾ 18 വയസുള്ള മകൾ കേസിൽ പങ്കാളിയായിരുന്നില്ല. 2024 ഡിസംബറിൽ പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ പ്രകാരം ‘പാരന്റൽ അലിയനേഷൻ’ എന്ന ആശയം അടിസ്ഥാനമാക്കി വിദഗ്ധരെ ഉപയോഗിക്കരുതെന്നും, കോടതിക്കായി കുടുംബങ്ങളെ വിലയിരുത്തുന്ന സൈക്കോളജിസ്റ്റുകൾ പരിചയ സമ്പന്നരായിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. വിദഗ്ധരെ നിയമിക്കുന്നതിൽ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. സമാന സാഹചര്യത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് വീണ്ടും കോടതിയെ സമീപിക്കാൻ ഈ വിധി ഉപകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.











Leave a Reply