ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവമാണ് വിവാദമായത്. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് 2021 മെയ് 5ന് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് നിരന്തരം വയറുവേദന അനുഭവപ്പെട്ടെങ്കിലും മരുന്നുകൾ കഴിച്ചാണ് ഇതുവരെ മുന്നോട്ടുപോയത്.
വേദന തുടർന്നതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഞെട്ടിക്കുന്ന സത്യാവസ്ഥ പുറത്ത് വന്നത്. ബുധനാഴ്ച എടുത്ത എക്സറേയിലൂടെ വയറ്റിനുള്ളിൽ കത്രികയുള്ളതായി കണ്ടെത്തി. മുൻപ് വേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ മൂത്രത്തിൽ കല്ലാണെന്നു പറഞ്ഞ് മടക്കി അയച്ചതായും ഉഷ ആരോപിക്കുന്നു. ഒടുവിൽ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കത്രികയുണ്ടെന്നത് വ്യക്തമായത്.
സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. കത്രിക പുറത്തെടുക്കാൻ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികരണം. എന്നാൽ ഇതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് പോകാൻ ഭയമാണെന്ന് ഉഷ വ്യക്തമാക്കി. ചികിത്സാപിഴവാണെന്നാരോപിച്ച് സംഭവം വലിയ വിവാദമായി മാറുകയാണ്.











Leave a Reply