ന്യൂസ് ഡെസ്ക്, മലയാളം യുകെ
109 വർഷം മുൻപ് മുത്തച്ഛൻ നൽകിയ കടം തിരിച്ചുകിട്ടാൻ ബ്രിട്ടനെതിരെ നിയമനടപടിക്ക് ഒരുങ്ങി മധ്യപ്രദേശ് സ്വദേശിയായ വിവേക് റുത്തിയ വാർത്തകളിൽ ഇടം പിടിച്ചു . സെഹോർ ജില്ലയിലെ പ്രമുഖ വ്യവസായി കുടുംബാംഗമായ വിവേക് റുത്തിയയുടെ മുത്തച്ഛൻ സേട്ട് ജുമ്മ ലാൽ റുത്തിയ 1910-കളിൽ ബ്രിട്ടീഷ് ഭരണകൂടത്തിന് 35,000 രൂപ കടമായി നൽകിയിരുന്നുവെന്നാണ് കുടുംബത്തിന്റെ അവകാശവാദം. അന്നത്തെ കാലഘട്ടത്തിൽ ഇത് അത്യന്തം വലിയ തുകയായിരുന്നുവെന്നും, യുദ്ധസാഹചര്യത്തിൽ ഭരണകൂടത്തിന്റെ അഭ്യർഥനയെ മാനിച്ചാണ് കുടുംബം പണം നൽകിയതെന്നും റുത്തിയ പറയുന്നു. ഈ ഇടപാടിനെ കുറിച്ചുള്ള രേഖകളും പഴയ രസീതുകളും തന്റെ കൈവശമുണ്ടെന്നും, നിയമപരമായി ശക്തമായ നിലപാടോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്ത് (1914–18) യുദ്ധച്ചെലവുകൾ നിറവേറ്റുന്നതിനായി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം വ്യാപകമായി ധനശേഖരണം നടത്തിയിരുന്നു. വ്യാപാരികളും സമ്പന്നരായ പൗരന്മാരും സ്വമേധയാ അല്ലെങ്കിൽ ഭരണകൂടത്തിന്റെ അഭ്യർഥനപ്രകാരം വൻതുകകൾ നൽകിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മുത്തച്ഛൻ തുക നൽകിയതെന്നാണ് റുത്തിയയുടെ വാദം. അന്നത്തെ 35,000 രൂപ ഇന്നത്തെ മൂല്യത്തിൽ കണക്കാക്കിയാൽ കോടിക്കണക്കിന് രൂപ വരുമെന്നു സാമ്പത്തിക വിദഗ്ധരെ ആശ്രയിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തിയതായും അദ്ദേഹം പറയുന്നു. ഈ തുക പലിശ സഹിതം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാരിന് നിയമനോട്ടീസ് അയച്ചിരിക്കുകയാണ്.
രാജ്യാന്തര നിയമപ്രകാരം ഒരു പരമാധികാര രാഷ്ട്രം മുൻകാല ഭരണകാലത്തെ സാമ്പത്തിക ബാധ്യതകൾക്കും കടങ്ങൾക്കും ഉത്തരവാദികളാകണമെന്നും റുത്തിയ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ നിന്ന് സമാഹരിച്ച ധനസഹായങ്ങളുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിശ്ചിത സമയത്തിനുള്ളിൽ അനുകൂല മറുപടി ലഭിക്കാത്ത പക്ഷം അന്താരാഷ്ട്ര നിയമപരിധിക്കുള്ളിൽ കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. 109 വർഷം പഴക്കമുള്ള ഈ അവകാശവാദം നിയമപരമായി എങ്ങനെ പരിഗണിക്കപ്പെടും, ബ്രിട്ടീഷ് സർക്കാർ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതിൽ വലിയ കൗതുകമാണ് ഉയരുന്നത്.











Leave a Reply