നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തില്‍ നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചു. ഏകദേശം മൂന്നര വര്‍ഷത്തോളം ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ശേഷമാണ് രാജിക്കത്ത് നല്‍കിയത്. രാജിക്കത്തില്‍ വ്യക്തമായ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. 2022 നവംബര്‍ മുതല്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്ന ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ്.

ഗവര്‍ണറായിരുന്ന കാലയളവില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി അദ്ദേഹത്തിന് പല വിഷയങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജിയെന്ന വിലയിരുത്തലുകളും ഉയര്‍ന്നുവരുന്നത്. ഇതേസമയം, ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആർ. എൻ. രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, കേരള സ്വദേശിയായ ആനന്ദബോസ് വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന രാഷ്ട്രീയ ചര്‍ച്ചകളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടതാകാമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.