ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളുടെ മൊബൈൽ ആപ്പുകളിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് ചില ഉപഭോക്താക്കൾക്ക് മറ്റ് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കാണാനായതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു . ല്ലോയിഡ്സ് ബാങ്കിങ് ഗ്രൂപ്പിൻ്റെ കീഴിലുള്ള ല്ലോയിഡ്സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് എന്നീ ബാങ്കുകളുടെ ആപ്പുകളിലാണ് വ്യാഴാഴ്ച രാവിലെ ഈ പ്രശ്നം ഉണ്ടായത്. ആപ്പിൽ ലോഗിൻ ചെയ്തപ്പോൾ ചിലർക്ക് സ്വന്തം അക്കൗണ്ടിന് പകരം മറ്റു ഉപഭോക്താക്കളുടെ പേരുകളും ഇടപാട് വിവരങ്ങളും കാണാൻ കഴിഞ്ഞതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

, ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് ആപ്പിൽ ലോഗിൻ ചെയ്തപ്പോൾ ഏകദേശം 20 മിനിറ്റ് സമയത്തിനിടെ ആറു വ്യത്യസ്ത ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ തനിക്ക് കാണാനായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞത്. ചിലരുടെ നാഷണൽ ഇൻഷുറൻസ് നമ്പറുകളും ഇടപാട് വിവരങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ചില അക്കൗണ്ടുകളിൽ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് നൽകുന്ന ബെനിഫിറ്റ് പേയ്മെന്റുകൾ ഉൾപ്പെടെയുള്ള ഇടപാടുകളും കാണാനായതായി ആണ് അറിയാൻ സാധിച്ചത്.

സംഭവത്തെ തുടർന്ന് ഉപഭോക്താക്കളിൽ കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്. ഉപഭോക്തൃവകാശ പ്രവർത്തകനും മണിസേവിങ് എക്സ്പർട്ട് സ്ഥാപകനുമായ മാർട്ടിൻ ലൂയിസ് സാമൂഹ്യമാധ്യമങ്ങളിൽ ആളുകൾ മറ്റ് ആളുകളുടെ ഇടപാടുകൾ കാണുന്നുവെന്ന സന്ദേശങ്ങൾ ലഭിച്ചതായി അറിയിച്ചു. സംഭവത്തിൽ ക്ഷമ ചോദിച്ച ല്ലോയിഡ്സ് ബാങ്കിങ് ഗ്രൂപ്പ് പ്രശ്നം ഉടൻ പരിഹരിച്ചതായും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പറഞ്ഞു. ബ്രിട്ടനിലെ നിരവധി ബാങ്കുകളിൽ ഐ.ടി. തകരാറുകൾ ഉണ്ടായത് ഡിജിറ്റൽ ബാങ്കിങ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുന്നതിന് കാരണമായിട്ടുണ്ട്.











Leave a Reply