ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പുതിയ രേഖകളിൽ ഉൾപ്പെട്ട പ്രിൻസ് ആൻഡ്രൂ, മുൻ ബ്രിട്ടീഷ് മന്ത്രി പീറ്റർ മണ്ടൽസൺ, ലൈംഗിക കുറ്റകൃത്യങ്ങളിൽ ആരോപണവിധേയനായ ജെഫ്രി എപ്‌സ്റ്റീൻ എന്നിവർ ഒരുമിച്ച് ഇരിക്കുന്ന ചിത്രം പുറത്തുവന്നു . ചിത്രത്തിൽ മൂവരും ഒരു മരമേശയ്ക്കു ചുറ്റും ഇരിക്കുന്നതായി കാണാം. ചിത്രത്തിൻ്റെ സമയം, സ്ഥലം എന്നിവ രേഖകളിൽ വ്യക്തമല്ലെങ്കിലും ഇത് അമേരിക്കയിലെ മാർത്താസ് വൈൻയാർഡ് എൽ 1999-2000 കാലഘട്ടത്തിൽ എടുത്തതാകാമെന്ന് ഐടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ യുഎസ് നീതിന്യായ വകുപ്പ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമാണ് ഈ ചിത്രം പുറത്തുവന്നത് . ഏകദേശം 30 ലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും 2,000 വീഡിയോകളും ഉൾപ്പെട്ട വലിയ രേഖാസമാഹാരത്തിലാണ് ഇത് ഉൾപ്പെട്ടിരിക്കുന്നത് . ഈ രേഖകൾ പരിശോധിക്കുന്നതിനിടെ പുതിയ വിവരങ്ങളും ചിത്രങ്ങളും ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് പ്രിൻസ് ആൻഡ്രൂവും പീറ്റർ മാൻഡൽസണും നേരത്തെ വിവാദങ്ങളിൽ പെട്ടിരുന്നു. കൗമാരപ്രായത്തിലായിരുന്ന വിർജീനിയ ഗിയുഫ്രെയുമായി ലൈംഗികബന്ധം പുലർത്തിയെന്ന ആരോപണം പ്രിൻസ് ആൻഡ്രൂ ശക്തമായി നിഷേധിച്ചെങ്കിലും പിന്നീട് കേസ് കോടതിക്ക് പുറത്തു ഒത്തുതീർപ്പാക്കുകുകയായിരുന്നു . എപ്സ്റ്റീനുമായി ബന്ധം നിലനിന്നതിനെ തുടർന്ന് പ്രിൻസ് ആൻഡ്രുവിന് രാജകീയ പദവികൾ നഷ്ടപ്പെടുകയും, ബ്രിട്ടൻ്റെ യുഎസ് അംബാസഡറായിരുന്ന മാൻഡൽസൺ സ്ഥാനം ഒഴിയേണ്ടി വരികയും ചെയ്തു. 2019-ൽ ലൈംഗിക കടത്ത് കേസിൽ വിചാരണ കാത്തിരിക്കെ എപ്സ്റ്റീൻ ജയിലിൽ മരിക്കുകയും, അദ്ദേഹത്തിൻ്റെ സഹായി ഗിസ്ലെയിൻ മാക്സ്വെൽ ഇപ്പോൾ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്യുകയാണ്.











Leave a Reply