ന്യൂസ് ഡെസ്ക്, മലയാളം യുകെ
സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളിയായ ജയാ ജോർജിന്റെ സാന്നിധ്യം ശ്രദ്ധേയമാകുകയാണ് . ആദ്യമായാണ് ഏഷ്യൻ നിന്നുള്ള ഒരു വനിത ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. കാഞ്ഞങ്ങാട് സ്വദേശിയും അഭിഭാഷകയുമായ ജയ ജോര്ജിയാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച് ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറുന്നത്. ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകയായ ജയയ്ക്ക് പാർട്ടി സുരക്ഷിതമായ സീറ്റ് തന്നെയാണ് നൽകിയിരിക്കുന്നത് . എൻഎച്ച്എസിലെ ജോലി തുടരുന്നതിനൊപ്പം രാഷ്ട്രീയ പ്രവർത്തനവും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് ജയ ജോര്ജി.
ലേബർ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ച ജയ, പ്രാദേശികവും ദേശീയവുമായ തലങ്ങളിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് ശ്രദ്ധ നേടിയിരുന്നു . നിലവിൽ കൺസർവേറ്റീവ് സ്വാധീനമുള്ള പ്രദേശമായതിനാൽ ഈ സീറ്റ് രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്. ഗ്രീൻ പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, റീഫോം പാർട്ടി, സ്വതന്ത്രർ എന്നിവയും ശക്തമായി മത്സരിക്കുന്ന ഈ മേഖലയിൽ ലേബർ പാർട്ടി കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടാണ് ജയയെ സ്ഥാനാത്ഥിയാക്കിയിരിക്കുന്നത് .

കേംബ്രിഡ്ജിൽ മികച്ച നേഴ്സിനുള്ള പുരസ്കാരം നേടിയ തന്റെ ഭർത്താവ് ജോർജി എബ്രഹാമിൻ്റെ പിന്തുണ തന്റെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾക്ക് എപ്പോഴും കരുത്തു പകരുന്നതാണെന്ന് ജയ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. അഭിഭാഷകനായിരുന്ന പിതാവ് ജോസും കോളേജ് പ്രൊഫസറായിരുന്ന പരേതയായ മാതാവ് മേരിക്കുട്ടിയും ജയയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്താൻ നിർണായക പങ്കുവഹിച്ചവരാണ് . യുകെയിലെത്തിയ ശേഷവും കുടുംബത്തിന്റെ പ്രോത്സാഹനവും പിന്തുണയും തന്നെയാണ് പൊതുജീവിതത്തിൽ കൂടുതൽ സജീവമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജയ പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം വ്യക്തിപരമായ വിജയം മാത്രമല്ല യുകെ മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണെന്ന് അവർ കൂട്ടിച്ചേർത്തു . സാമൂഹ്യ സേവന രംഗത്തും ശക്തമായ സാന്നിധ്യമുള്ള ജയ, സഫോക്ക് ക്യാൻസർ സപ്പോർട്ട് അംബാസിഡർ, ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നുണ്ട് . സ്ത്രീകൾക്കായി ‘ഫ്യൂച്ചർ ഫീമെയിൽ സൊസൈറ്റി’ പോലുള്ള പ്രവർത്തനങ്ങളിലും അവർ സജീവമാണ്.

യുകെയിലെ മറ്റു പ്രദേശങ്ങളിലും മലയാളി സ്ഥാനാർത്ഥികളുടെ സാന്നിധ്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗേറ്റ്സ്ഹെഡിൽ ഷിനു യോഹന്നാൻ, ക്രോയിഡോണിൽ ഹണി പ്രേംലാൽ, ഹാരോയിൽ ജ്യോതി എൽസ എന്നിവരും മത്സരരംഗത്തുണ്ട്.











Leave a Reply