ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പാൽ വിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ യുകെയിലെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിൽ. പ്രമുഖ പാൽ സംസ്കരണ കമ്പനികളായ ഫ്രെഷ്‌വേയ്‌സും ആർല ഫുഡ്‌സും കർഷകരിൽനിന്ന് പാൽ സംഭരിക്കുന്ന വില കുറച്ചതാണ് തിരിച്ചടിയായത്. ഡിസംബർ ഒന്നുമുതൽ ലിറ്ററിന് ഏഴ് പെൻസ് കുറയ്ക്കാനാണ് ഫ്രെഷ്‌വേയ്‌സിന്റെ തീരുമാനം. ഇതോടെ നിലവിലെ വില 29.4 പെൻസായി താഴും. നവംബർ മാസത്തിൽ ആർലയും ലിറ്ററിന് 0.45 പെൻസ് കുറച്ച് വില 40.41 പെൻസാക്കി. ജലക്ഷാമം, മൃഗങ്ങൾക്കുള്ള തീറ്റയുടെ ചെലവ്, ഇന്ധനത്തിന്റെയും വളത്തിന്റെയും വിലവർധന എന്നിവ നേരത്തേ തന്നെ കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഗോള വിപണിയിൽ പാൽ ലഭ്യത വർധിച്ചതും പാലുൽപ്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവുമാണ് വില കുറയ്ക്കാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. വേനൽക്കാലത്തെ കടുത്ത ചൂടും വരൾച്ചയും കാരണം പാലുൽപ്പാദനം കുറയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കർഷകർ പശുക്കൾക്ക് അധികമായി തീറ്റ നൽകിയതോടെ ഉൽപ്പാദനം കാര്യമായി കുറഞ്ഞില്ല. ഇതും വിപണിയിൽ പാൽ അധികമാകാൻ കാരണമായി. ഫ്രെഷ്‌വേയ്‌സ് അടുത്തിടെ രണ്ടു മാസത്തിനിടെ ലിറ്ററിന് ഒൻപത് പെൻസ് വില വർധിപ്പിച്ചിരുന്നു. എന്നാൽ പുതിയ ഏഴ് പെൻസ് കുറവ് ആ വർധനയുടെ ഭൂരിഭാഗവും ഇല്ലാതാക്കും. വിലക്കുറവ് കർഷകരെ കടുത്ത ആശങ്കയിലാക്കിയതായി ദേശീയ കർഷക യൂണിയന്റെ ക്ഷീരവിഭാഗം അധ്യക്ഷൻ ഇയാൻ ഹാർവി പറഞ്ഞു.

പാൽ സംഭരണവിലയിലെ ഇടിവിനിടയിലും ബ്രിട്ടനിലെ പ്രധാന സൂപ്പർമാർക്കറ്റുകൾ നാല് പൈന്റ് പാലിന്റെ ചില്ലറവില 10 പെൻസ് വർധിപ്പിച്ച് 1.75 പൗണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഈ വിലവർധനയുടെ നേട്ടം കർഷകരിലേക്ക് എത്തുന്നില്ലെന്നാണ് പ്രധാന പരാതി. കർഷകർക്ക് പാൽ സംഭരിക്കുന്ന കമ്പനികളെ എളുപ്പത്തിൽ മാറ്റാനോ മെച്ചപ്പെട്ട വില ആവശ്യപ്പെടാനോ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചില സൂപ്പർമാർക്കറ്റുകൾ ഉൽപ്പാദനച്ചെലവ് കണക്കിലെടുത്ത് കർഷകർക്ക് വില നൽകുന്നുണ്ടെങ്കിലും ഈ സൗകര്യം എല്ലാവർക്കും ലഭ്യമല്ല. പാലിന്റെ വിലയിലെ തുടർച്ചയായ ചാഞ്ചാട്ടവും വർധിച്ച ഉൽപ്പാദനച്ചെലവും യുകെയിലെ ക്ഷീരമേഖലയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.