ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മധ്യപൂർവേഷ്യയിലെ യുദ്ധ സാഹചര്യം വിലയിരുത്തി. പ്രധാനമായും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ടെലിഫോൺ ചര്ച്ച നടത്തിയെതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഫെബ്രുവരി 28ന് ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ഈ കടൽപ്പാതയിൽ ഗതാഗതം ഏകദേശം 95% വരെ കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ലോകത്തെ എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും ഏകദേശം 20% ഈ വഴിയാണ് കടന്നുപോകുന്നത് എന്നതുകൊണ്ടു തന്നെ ആഗോള വിപണിയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബാരലിന് 106 ഡോളറായി വില ഉയർന്നതോടെ ഇന്ധനവിലയും ജീവിതച്ചെലവും വർധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാൻ കടൽപ്പാത തടഞ്ഞതോടെ അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണ ശൃംഖലയിലും തടസ്സം നേരിടുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് . കടൽപ്പാത തുറക്കാത്ത പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതും സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.

ഇതിനിടെ ബ്രിട്ടനിൽ അടിയന്തിര യോഗം വിളിച്ച് ഊർജസുരക്ഷ, സാമ്പത്തിക ബാധ്യത, കുടുംബങ്ങളുടെ ജീവിതച്ചെലവ് എന്നിവ വിലയിരുത്താൻ സർക്കാർ നീക്കമെടുത്തിട്ടുണ്ട്. അമേരിക്കൻ സൈനിക നടപടികൾക്ക് പിന്തുണയായി ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതും കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് വൻ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇറാൻ ഗൾഫ് മേഖലയിലെ അമേരിക്കൻ ബന്ധമുള്ള ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയത് ആഗോളതലത്തിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.











Leave a Reply