ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറ: സ്കോട്ട് ലൻഡിലെ പ്രശസ്തമായ കെയർൻഗോംസ് (Cairngorms) നാഷണൽ പാർക്കിൽ ദിവസങ്ങളായി തുടരുന്ന കാട്ടുതീ സമീപ ഗ്രാമങ്ങളിലേക്ക് പടർന്നതിനെത്തുടർന്ന് മേഖലയിൽ വൻ ഒഴിപ്പിക്കൽ. കഴിഞ്ഞ 11 ദിവസമായി അണയ്ക്കാനാവാതെ പുകയുന്ന തീ, ശക്തമായ കാറ്റിൽ ഗതിമാറിയെത്തി ബ്രിഡ്ജ് ഗ്രാമത്തിലേക്ക് അടുത്തതോടെയാണ് അധികൃതർ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചത്.

ഗ്രാമവാസികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമായതോടെ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അഞ്ഞൂറിലധികം അഗ്നിശമനസേനാ അംഗങ്ങളാണ് ഹെലികോപ്റ്ററുകളും മറ്റ് ആധുനിക സജ്ജീകരണങ്ങളുമായി പ്രദേശത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.

എന്നാൽ കാറ്റിന്റെ വേഗത വർദ്ധിക്കുന്നത് തീ പടരുന്നതിന്റെ വേഗത കൂട്ടുന്നത് തിരിച്ചടിയാവുന്നുണ്ട്.
ഏകദേശം ആറ് ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച കാട്ടുതീയുടെ പുക 97 കിലോമീറ്റർ അകലെയുള്ള അബർഡീനിൽ വരെ അനുഭവപ്പെടുന്നുണ്ട്. അടുത്തുള്ള മറ്റ് പ്രദേശവാസികളോട് വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമീപകാലത്ത് സ്കോട്ട് ലൻഡ് കണ്ട ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളിലൊന്നാണിത്.











Leave a Reply