ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ആരോഗ്യരംഗത്ത് വീണ്ടും സമര ചൂട് ഉയരുന്നു. റെസിഡന്റ് ഡോക്ടർമാർ ആറുദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ) അറിയിച്ചു. സർക്കാരുമായി നടന്ന ദീർഘകാല ചർച്ചകൾ ഫലം കാണാതിരുന്നതിനെ തുടർന്നാണ് സമരം. ഏപ്രിൽ 7-ന് രാവിലെ 7 മുതൽ ആരംഭിക്കുന്ന സമരം ഈസ്റ്റർ ബാങ്ക് അവധിക്കാലത്തിന് പിന്നാലെയാണ് നടക്കുക. 2023 മാർച്ചിൽ തുടങ്ങിയ സമരപരമ്പരയിലെ 15-ാമത്തെ പ്രതിഷേധമാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശമ്പള വർധനയെ ചുറ്റിപ്പറ്റിയാണ് പ്രധാന തർക്കം. പേ റിവ്യൂ ബോഡിയുടെ ശുപാർശ പ്രകാരം 3.5 ശതമാനം വർധന സർക്കാർ അംഗീകരിച്ചെങ്കിലും ഇത് ഡോക്ടർമാർക്ക് സ്വീകാര്യമല്ലെന്ന് ബി.എം.എ വ്യക്തമാക്കി. ഉയർന്ന വിലക്കയറ്റവും ജോലിഭാരവും പരിഗണിക്കുമ്പോൾ ഈ വർധന “ഗുരുതര തിരിച്ചടി”യാണെന്നും സംഘടന വിമർശിച്ചു. റെസിഡന്റ് ഡോക്ടർമാർക്ക് മാത്രം പ്രത്യേക പരിഗണന നൽകാത്തതും സമരത്തിലേക്ക് നയിക്കുന്നതിനായുള്ള ഒരു കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഇതിനിടെ, പരിശീലനവുമായി ബന്ധപ്പെട്ട ചില ഇളവുകൾ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. പരീക്ഷാഫീസ് പോലുള്ള ചില വ്യക്തിഗത ചെലവുകൾ വഹിക്കുക, കൂടുതൽ ട്രെയിനിംഗ് പോസ്റ്റുകൾ സൃഷ്ടിക്കുക, ശമ്പള നിരക്കുകൾ വേഗത്തിൽ ഉയരാൻ അവസരം നൽകുക തുടങ്ങിയ നിർദേശങ്ങൾ ആണ് സർക്കാർ നിർദേശത്തിൽ ഉൾപ്പെടുന്നത് . നിലവിൽ £39,000 മുതൽ £74,000 വരെയുള്ള ശമ്പള ഘടനയിലാണ് ഇവർ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, ജോലിയില്ലായ്മയും കരിയർ പുരോഗതിയിലെ അനിശ്ചിതത്വവും പരിഹരിക്കാൻ ഇത്രയും നടപടികൾ മതിയാകില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. സമരം ആരോഗ്യ സേവനങ്ങളെ ബാധിക്കാനിടയുള്ളതിനാൽ രോഗികൾക്ക് മുൻകൂട്ടി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് .