ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിന്റെ സ്കാൻ സേവനങ്ങളിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും അപകടത്തിലാക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് നടത്തിയ സർവേ പ്രകാരം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലാൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അൾട്രാസൗണ്ട് വിഭാഗങ്ങളിൽ സോണോഗ്രാഫർമാരുടെ ഗുരുതര കുറവ് ഉണ്ട്. ഇംഗ്ലണ്ടിൽ 1,821 സോണോഗ്രാഫർമാർ ഉള്ളപ്പോൾ ഒഴിവുകളുടെ നിരക്ക് 2019ലെ 12%ൽ നിന്ന് 24% ആയി . സൗത്ത് ഈസ്റ്റിൽ 38%യും നോർത്ത് വെസ്റ്റിൽ 30%യും ഒഴിവുകളാണുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറഞ്ഞ ശമ്പളം, പരിമിതമായ കരിയർ വളർച്ച, സ്വകാര്യ മേഖലയിലെ മികച്ച അവസരങ്ങൾ തുടങ്ങിയവ കാരണം സോണോഗ്രാഫർമാർ എൻഎച്ച്എസ് വിടാൻ ആലോചിക്കുന്നതായി സംഘടന വ്യക്തമാക്കി. അതേസമയം അൾട്രാസൗണ്ട് പരിശോധനകളുടെ ആവശ്യകത വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പുതിയ സോണോഗ്രാഫർമാരെ പരിശീലിപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ നിലവിലെ കുറവ് ഉടൻ നികത്താൻ സാധിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭാവിയിൽ ആരോഗ്യ സേവനങ്ങൾക്ക് ആവശ്യമായ ജീവനക്കാരെ എങ്ങനെ എത്തിക്കും എന്നതിനെ കുറിച്ചുള്ള എൻഎച്ച്എസ് വർക്ക്‌ഫോഴ്‌സ് പദ്ധതി വൈകുന്നതും പ്രശ്നം രൂക്ഷമാക്കുന്നുവെന്ന് അധികൃതർ വിമർശിച്ചു. പുതിയ സ്കാനർ സംവിധാനങ്ങളും കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ പ്രൊഫഷണലുകളെ ഉറപ്പാക്കണം എന്നതാണ് വിദഗ്ധരുടെ ആവശ്യം. ഡയഗ്നോസ്റ്റിക് സേവനങ്ങളിൽ സമ്മർദ്ദം കുറയ്ക്കാൻ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുകയും സേവന സമയം വർധിപ്പിക്കുകയും ചെയ്തതായാണ് സർക്കാർ വൃത്തങ്ങൾ ഈ വിഷയത്തിൽ പ്രതികരിച്ചത്.