ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ എൻ.എച്ച്.എസ് ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ (A&E) ചികിത്സയ്ക്കായി എത്തുന്ന വയോധികരും ദുർബല ആരോഗ്യസ്ഥിതിയിലുള്ള രോഗികളും 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ട സാഹചര്യം വ്യാപകമാണെന്ന് പുതിയ പഠന റിപ്പോർട്ട്. നഫീൽഡ് ട്രസ്റ്റ് നടത്തിയ വിശകലനമനുസരിച്ച് 2025-ൽ എ&ഇയിൽ എത്തിയ 80 വയസിന് മുകളിലുള്ള രോഗികളിൽ 43 ശതമാനത്തിനും ആശുപത്രി വാർഡിൽ പ്രവേശനം ലഭിക്കാൻ 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നു. 21 മുതൽ 30 വയസുവരെയുള്ളവരിൽ ഇത് 19 ശതമാനമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് മഹാമാരി കഴിഞ്ഞുള്ള കാലത്ത് എ&ഇ വിഭാഗങ്ങളിലെ ദീർഘനേര കാത്തിരിപ്പുകൾ പതിവായതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാർഡുകളിൽ കിടക്കകളുടെ ലഭ്യതക്കുറവും സങ്കീർണ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളുടെ വർധനയും പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നാണ് വിലയിരുത്തൽ. നിരവധി രോഗികൾ കാത്തിരിപ്പുമുറികളിലോ ഇടനാഴികളിലോ ട്രോളികളിലോ മണിക്കൂറുകളോ ദിവസങ്ങളോ കഴിയേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ദീർഘനേര എ&ഇ കാത്തിരിപ്പുകൾ വർഷംതോറും ആയിരക്കണക്കിന് ഒഴിവാക്കാനാകുമായിരുന്ന മരണങ്ങൾക്ക് കാരണമാകുന്നുവെന്ന് റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിൻ മുന്നറിയിപ്പ് നൽകി. അതേസമയം അടിയന്തിര ചികിത്സാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അധിക കിടക്കകൾ ഒരുക്കാനും ആശുപത്രിക്ക് പുറത്തുള്ള പരിചരണ സൗകര്യങ്ങൾ വിപുലീകരിക്കാനും സർക്കാർ 450 മില്യൺ പൗണ്ടിന്റെ നിക്ഷേപ പദ്ധതി നടപ്പാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സാമൂഹിക പരിചരണ മേഖലയിലെ പരിഷ്‌കാരങ്ങളും ആശുപത്രികളിലെ സമ്മർദം കുറയ്ക്കാൻ നിർണായകമാണെന്നും സർക്കാർ വ്യക്തമാക്കി.