ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഉയരുന്നതിനിടെ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള നീക്കവുമായി ബ്രിട്ടൻ മുന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോയിൽ നിന്ന് പിന്മാറുമെന്ന ഭീക്ഷണി മുഴക്കിയ സാഹചര്യത്തിൽ, യൂറോപ്പുമായി ശക്തമായ സാമ്പത്തിക-സുരക്ഷാ കൂട്ടുകെട്ട് അനിവാര്യമാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ബ്രെക്സിറ്റ് ബ്രിട്ടന്റെ സാമ്പത്തിക രംഗത്തിന് “ഗുരുതരമായ ബാധ” ഉണ്ടാക്കിയതായും, അത് പരിഹരിക്കാൻ പുതിയ കരാറുകൾ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂറോപ്യൻ യൂണിയനുമായി വ്യാപാരം, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം വർധിപ്പിക്കാനാണ് ബ്രിട്ടന്റെ നീക്കം. ഈ വർഷം വേനൽക്കാലത്ത് ബ്രസ്സൽസിൽ നടക്കുന്ന ഉച്ചകോടിയിൽ കൂടുതൽ ആഴത്തിലുള്ള കരാറുകൾ ലക്ഷ്യമിടുന്നതായും കെയർ സ്റ്റാർമർ അറിയിച്ചു. സിംഗിൾ മാർക്കറ്റുമായി കൂടുതൽ സഹകരണം ഉണ്ടാകുന്നത് ജീവിതച്ചെലവ് കുറയ്ക്കാനും സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥികളുടെ ഫീസ്, വിസ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഇരു പക്ഷത്തിനും തമ്മിൽ ഇപ്പോഴും അഭിപ്രായഭിന്നത തുടരുകയാണ്.

അതേസമയം, യൂറോപ്പിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ബ്രിട്ടൻ കൂടുതൽ സജീവമായി ഇടപെടുമെന്നാണ് സൂചന. അമേരിക്കയുടെ നിലപാടുകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ, യൂറോപ്പിൽ സംയുക്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർന്നിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ , ബ്രിട്ടനെ യൂറോപ്പിലേക്ക് കൂടുതൽ അടുപ്പിക്കുന്ന പുതിയ നയപരമായ മാറ്റത്തിന്റെ തുടക്കമെന്ന നിലയിലാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.