ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വീടുകളിലെ ഭക്ഷ്യ മാലിന്യങ്ങൾ ആഴ്ചതോറും പ്രത്യേകം ശേഖരിക്കണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും, നിരവധി കൗൺസിലുകൾ ഇതിന് ഇപ്പോഴും തയ്യാറായിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നു. സമയപരിധി പാലിക്കാൻ കഴിയില്ലെന്ന് ഏകദേശം 79 കൗൺസിലുകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ വാഹനങ്ങളുടെ ക്ഷാമവും സാമ്പത്തിക പ്രശ്നങ്ങളും ആണ് പ്രധാന പരിമിതിയായി കൗൺസിലുകൾ ചൂണ്ടിക്കാണിക്കുന്നത് . ഇതിനോടകം £340 മില്യൺ ഗ്രാന്റ് നൽകിയിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ സേവനം തുടങ്ങാൻ വൈകും.

പുതിയ നിയമപ്രകാരം ഭക്ഷ്യവും തോട്ടത്തിൽ നിന്നുള്ള മാലിന്യവും, പേപ്പർ-കാർഡ്, ഗ്ലാസ്-മെറ്റൽ-പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഡ്രൈ റീസൈക്ലബിൾ സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ പ്രത്യേകം ശേഖരിക്കണം. ഇതിലൂടെ ലാൻഡ്ഫില്ലിൽ പോകുന്ന മാലിന്യം കുറയ്ക്കുകയും വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കാനും സാധിക്കും. എന്നാൽ നിലവിൽ മൂന്നിലൊന്നിലധികം കൗൺസിലുകൾക്കും എല്ലാ വീടുകളിലും ഈ സംവിധാനം നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ചില കൗൺസിലുകൾ 2026ഓടെ സേവനം ആരംഭിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ മാറ്റം റീസൈക്ലിംഗ് മേഖലയിലെ വലിയ മുന്നേറ്റമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഭക്ഷ്യ മാലിന്യങ്ങൾ ശരിയായി ശേഖരിച്ചാൽ ഗ്രീൻഹൗസ് വാതക വിസർജനം കുറയ്ക്കാനും സഹായിക്കും. നിയമം പാലിക്കാത്ത കൗൺസിലുകൾക്കെതിരെ നിയമനടപടി സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ചില കൗൺസിലുകൾ ഇതിനകം തന്നെ പുതിയ നടപടിക്രമം അനുസരിച്ച് മാലിന്യം ശേഖരിക്കാൻ തയ്യാറായതായി അധികൃതർ അറിയിച്ചു.











Leave a Reply