ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനും അതിൽ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം നൽകാനും നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് കേന്ദ്ര സർക്കാർ എംപിമാർക്ക് കൈമാറി. പാർലമെന്റ് സമ്മേളനം ആരംഭിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ബില്ലിന്റെ വിശദാംശങ്ങൾ വിതരണം ചെയ്തത്. നിർദ്ദേശപ്രകാരം 850 സീറ്റുകളിൽ 815 എണ്ണം സംസ്ഥാനങ്ങൾക്കും 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാകും. വനിതകൾക്ക് 283 സീറ്റുകൾ സംവരണം ചെയ്യുകയും ഓരോ തിരഞ്ഞെടുപ്പിലും ഈ സീറ്റുകൾ മാറിമാറി നിശ്ചയിക്കുകയും ചെയ്യും.
മണ്ഡല പുനർനിർണ്ണയം 2026ലെ സെൻസസിന് ശേഷം മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി, 2011ലെ സെൻസസ് അടിസ്ഥാനമാക്കി സീറ്റുകൾ നിശ്ചയിക്കാനാണ് നിർദ്ദേശം. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇതിന് രൂപീകരിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോ മറ്റ് കമ്മീഷണർമാരിൽ ഒരാളോ അംഗമായിരിക്കും. നിയമസഭ സീറ്റുകളും പാർലമെന്റ് മണ്ഡലങ്ങൾക്ക് അനുസൃതമായി പുനർനിശ്ചയിക്കും. പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം തുടരുമെങ്കിലും ഒബിസി ഉപസംവരണത്തെക്കുറിച്ച് ബില്ലിൽ പരാമർശമില്ല.
അതേസമയം, മണ്ഡല പുനർനിർണ്ണയം ചർച്ചയില്ലാതെ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനങ്ങൾ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പ് നൽകിയപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം നിലപാട് തീരുമാനിക്കാൻ ഒരുങ്ങുകയാണ്. ഉത്തരേന്ത്യയും തെക്കേ ഇന്ത്യയും തമ്മിലുള്ള സീറ്റുകളുടെ വ്യത്യാസം വർധിക്കുമെന്ന ആശങ്കയും ഉയരുന്നു. ഇതിനിടെ വനിത സംവരണത്തെ മുൻനിർത്തി ബില്ലിന് പിന്തുണ നേടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.











Leave a Reply