ബാബുരാജ് കളമ്പൂർ
പാതിരാവ്…
നിലാവിൻ്റെ സാഗരം…
നേർത്തമഞ്ഞിൻ കുളിരിളം തന്ത്രികൾ
മീട്ടിയെത്തുന്ന കാറ്റിൻ്റെ ഗീതികൾ…
പാതയോരത്തു ഭൂതകാലത്തേക്കു
വേരുകൾ നീട്ടി,
യോർമ്മകൾ തേടുന്നൊരാൽമരം,
വിങ്ങി നില്ക്കുന്ന മൂകത…
രാത്രിചാരിയാം കൂമൻ, നിലാവിൻ്റെ
കൂർത്ത വേൽമുന
കുത്തിത്തറച്ചതാൽ
കാഴ്ചമങ്ങിയ കണ്ണുമായങ്ങനെ…
കാടുകത്തിയെരിഞ്ഞ കാലത്തിൻ്റെ
പാട്ടിൽ മിന്നുന്നൊരിത്തിരിത്തീപ്പൊരി
ഊതിയൂതിപ്പെരുപ്പിച്ചു പാതിരാ
ക്കാറ്റു ചാരത്തു വന്നണഞ്ഞീടവേ,
യുദ്ധഭൂമിയിലൊറ്റയ്ക്കു നില്ക്കുന്ന
പിഞ്ചുകുഞ്ഞിൻ്റെ നിസ്സഹാ ത്വമോ –
ടെങ്ങുനിന്നോ വഴിതെറ്റി വന്നൊരു കുഞ്ഞു പക്ഷി ചിറകിട്ടടിക്കുന്നു
വാക്കു പൊള്ളുന്ന കാലത്തു മൗനമാ
ണേറ്റമുത്തമമെന്നോർത്തു ചില്ലയിൽ
ആധിപൂണ്ടു,തളർന്നിരിക്കുന്നുണ്ടു
പാവമാമൊരു രാക്കുയിൽ… പാടാതെ !
ആൽമരച്ചോട്ടിലേകനായ് നില്ക്കുന്നു കാവൽ ദൈവം,
തുറിച്ച നോട്ടംകൊണ്ടു
നാലു ദിക്കിലും വേലികെട്ടുന്നവൻ.
പാതിയിൽ വീണുടഞ്ഞ സ്വപ്നം പോലെ
പാതിരാക്കാഴ്ചകൾ കണ്ടു നില്ക്കവേ
വാനിൽനിന്നൊരു താരകച്ചീളു വന്നെൻ്റെ മുന്നിൽ പറന്നു കളിക്കയായ്
അക്കനകപ്രകാശക്കതിരിൽനി-
ന്നായിരം
കൊച്ചു മിന്നാമിനുങ്ങുകൾ
ഉൾത്തടത്തിൽ ചിറകടിച്ചാർക്കുന്നു, പിന്നെ വാക്കായ്… കവിതയായ് മാറുന്നു.
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]














Leave a Reply