ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റളിലെ വീട്ടിൽ ബലമായി സ്ഫോടക വസ്തുവുമായി എത്തിയ മുൻ പങ്കാളിയുടെ ആക്രമണത്തിൽ സ്ത്രീയും പ്രതിയും മരിച്ചതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ 35കാരിയായ ജോ ഷാ, 41കാരനായ റയാൻ കെല്ലി എന്നിവർ ആണ് കൊല്ലപ്പെട്ടത് . ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷായുടെ മരണം കൊലപാതകമായി രേഖപ്പെടുത്തിയതായി എവൺ ആൻഡ് സോമർസെറ്റ് പൊലീസ് വ്യക്തമാക്കി.

സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് ചെറിയ പരിക്കേറ്റെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായില്ല. സംഭവത്തിന് മുൻപ് ഷായുമായി ബന്ധപ്പെട്ട് പൊലീസിന് നേരെത്തെ പരാതികൾ ലഭിച്ചിരുന്നു എന്നും ഗാർഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു അതെന്നും അധികൃതർ അറിയിച്ചു. ഇതിനെ തുടർന്നാണ് പൊലീസ് സ്വമേധയാ കേസ് പൊലീസ് വാച്ച്ഡോഗായ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ടിന് കൈമാറിയത്.

സംഭവത്തെ തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഷായുടെ കുടുംബത്തിന് പിന്തുണ നൽകുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.











Leave a Reply