തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ തർക്കം രൂക്ഷമാകുന്നതിനിടെ ടിവികെ നേതാവ് വിജയ്ക്ക് പിന്തുണയുമായി നടന്മാരായ കമൽഹാസനും വിശാലും രംഗത്തെത്തി. സർക്കാർ രൂപീകരിക്കാനുള്ള അവസരം വിജയ്ക്ക് നിഷേധിക്കുന്ന ഗവർണറുടെ നിലപാട് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇരുവരും വിമർശിച്ചു. 233 തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും കമൽഹാസൻ പറഞ്ഞു.
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുമാണ് ഭരണഘടനാപരമായ രീതിയെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഗോവ, മണിപ്പൂർ, മേഘാലയ, കർണാടക എന്നിവിടങ്ങളിലെ മുൻ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ വിശാൽ, സമാന സാഹചര്യം ഇപ്പോൾ തമിഴ്നാട്ടിലുമാണെന്നും അതേ മാനദണ്ഡം വിജയ്ക്ക് ബാധകമാക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
118 അംഗങ്ങളുടെ പിന്തുണയാണ് തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകളുള്ള ടിവികെയ്ക്ക് നിലവിൽ കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ഭൂരിപക്ഷത്തിന് ഇനിയും പിന്തുണ ആവശ്യമുണ്ട്. ഇതിനായി ഇടതുപാർട്ടികളെയും വിസികെയെയും ടിവികെ സമീപിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ലെന്ന കാരണത്താൽ വിജയ് നടത്തിയ സർക്കാർ രൂപീകരണ അവകാശവാദം ഗവർണർ രണ്ടുതവണ തള്ളിയിരുന്നു.











Leave a Reply