വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയകേസിൽ മലയാളിയടക്കം രണ്ടുപേർ മുംബൈയിൽ അറസ്റ്റിൽ. കുട്ടനാട് പുളിങ്കുന്ന് സ്വദേശി ശ്രീരാഗ് ആണ് അറസ്റ്റിലായ മലയാളി. എഴുപതുപേരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ഇവർക്കെതിരെയുള്ള പരാതി.
നേവിമുംബൈയിലെ വാശിയിൽ പ്രവർത്തിച്ചിരുന്ന രാജഗോപാൽ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൻറെ നടത്തിപ്പുകാരാണ് അറസ്റ്റിലായത്. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ജോലിവാഗ്ദാനം ചെയ്ത് കേരളത്തിൽ വിവിധയിടങ്ങളില്‍നിന്നുള്ള എഴുപതുപേരെ തട്ടിപ്പിനിരയാക്കിയെന്നാണ് കേസ്. മാൾട്ടയിലുള്ള സെൻറ് ജെയിംസ് ഹോസ്പിറ്റലിലേക്ക് ഒഴിവുണ്ടെന്നുകാട്ടി പരസ്യംനൽകിയശേഷം, ബന്ധപ്പെടുന്നവരിൽനിന്ന് ആദ്യം അൻപതിനായിരംരൂപയും പിന്നീട് പന്ത്രണ്ടായിരത്തി അഞ്ഞൂറുരൂപയും ഈടാക്കും.

Image may contain: 9 people, people smiling, people standing and indoor

മൂന്നുമാസത്തിനുള്ളിൽ ജോലിതരപ്പെടുമെന്നാണ് പണംവാങ്ങുമ്പോഴുള്ള ഉറപ്പ്. എന്നാൽ, മൂന്നുമാസം എന്നതുമാറി, ഒരുവർഷമായിട്ടും ജോലി തരപ്പെടാതായതോടെ പണംനഷ്ടപ്പെട്ടവർ സ്ഥാപനത്തിനെിരെ രംഗത്തെത്തി. ഇതിനിടെ പണംനഷ്ടമായവർചേർന്ന് മാൾട്ടയിലുള്ള ആശുപത്രിയുമായി നേരിൽബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലൊരു സ്ഥാപനവുമായി യാതൊരുബന്ധവുമില്ലെന്ന് അറിയിച്ചു. പിന്നീടാണ് മുംബൈ വാശി പൊലീസിൽ പരാതിനൽകിയത്.

 

തുടർന്ന് കുട്ടനാട് സ്വദേശിയായ ശ്രീരാഗ്, തമിഴ്നാട് സ്വദേശി രാജഗോപാൽ എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ശ്രീരാഗിൻറെ ഭാര്യ ആതിര ഇപ്പോൾ കേരളത്തിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെയും പരാതിയുണ്ട്. അതേസമയം, പരാതി നൽകിയവരെകൂടാതെ മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.