ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളിൽ അധികാരത്തിലുള്ള ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വർഷങ്ങളായി ലേബറിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെട്ട ഹാരിങേ, ന്യൂഹാം, ബ്രെന്റ്, ബാർനെറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. നിരവധി വാർഡുകളിൽ ലേബർ വോട്ടുകൾ ഗ്രീൻ പാർട്ടിയിലേക്കും സ്വതന്ത്ര സ്ഥാനാർഥികളിലേക്കും മാറിയതായാണ് വിലയിരുത്തൽ. ലണ്ടൻ മേയർ സർ സാദിഖ് ഖാൻ ഫലങ്ങളെ അതീവ നിരാശാജനകം” എന്ന് വിശേഷിപ്പിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ അടിസ്ഥാനപരമായ പിഴവുകളും പുരോഗമന മൂല്യങ്ങൾ ശക്തമായി ഉയർത്തിക്കാട്ടാനാകാത്തതും മൂലം ജനങ്ങളിൽ എത്തിക്കാനായില്ലെന്ന് അദ്ദേഹം സമ്മതിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വടക്കൻ ലണ്ടനിലെ ഹാരിങേയിൽ ലേബർ പാർട്ടിക്ക് 30 സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ ഗ്രീൻ പാർട്ടി 28 സീറ്റുകൾ നേടി ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം അകലെയെത്തി. ന്യൂഹാമിൽ ലേബർ പാർട്ടിക്ക് 38 സീറ്റുകൾ നഷ്ടപ്പെട്ടതോടെ സ്വതന്ത്രരും ഗ്രീൻ പാർട്ടിയും വലിയ മുന്നേറ്റം നടത്തി. ബ്രെന്റിലും ബാർനെറ്റിലും ലേബറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോൾ ക്യാംഡൻ കൗൺസിൽ മാത്രം പാർട്ടി നിലനിർത്തി. എന്നാൽ അവിടെയും 17 സീറ്റുകൾ നഷ്ടമായി. ലണ്ടനിലുടനീളം ഗ്രീൻ പാർട്ടിയുടെ വളർച്ചയാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നത്.

അതേസമയം ക്രോയ്ഡൺ മേയർ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സ്ഥാനാർഥി ജേസൺ പെറി ചെറിയ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ചു. ബെക്സ്ലി കൗൺസിലും കൺസർവേറ്റീവുകൾ നിലനിർത്തി. കെമി ബാഡെനോക്ക് റീഫോം യുകെയെ വിമർശിച്ച് “കൗൺസിൽ പിടിക്കാൻ അവർ മുഴുവൻ ശക്തിയും ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടു” എന്ന് പ്രതികരിച്ചു. എന്നാൽ ഹൗൺസ്ലോയിൽ റീഫോം യുകെ ആദ്യമായി എട്ട് സീറ്റുകൾ നേടിയതും ലണ്ടൻ രാഷ്ട്രീയത്തിൽ പുതിയ ശക്തിസമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നതായി വിലയിരുത്തപ്പെടുന്നു.