ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ 1998-ൽ ഇംഗ്ലണ്ടിലെ ഡഡ്‌ലിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഏഴ് മക്കളുടെ അമ്മ പാട്രീഷ്യ ലാഷ്‌ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 66-കാരനായ ട്രെവർ ഡങ്ക്‌ലിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. സെപ്റ്റംബർ 1998-ൽ ഹാൾ സ്ട്രീറ്റിലെ ഫ്ലാറ്റിൽ അവസാനമായി കണ്ട പാട്രീഷ്യയെ പിന്നീട് കണ്ടെത്താനായിരുന്നില്ല. വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് വ്യാഴാഴ്ചയാണ് കുറ്റം ചുമത്തിയ വിവരം അറിയിച്ചത്.

33 വയസ്സായിരിക്കെയാണ് പാട്രീഷ്യ കാണാതായത്. സുഹൃത്തുക്കൾക്കിടയിൽ ‘പാറ്റ്’എന്ന പേരിലും അവർ അറിയപ്പെട്ടിരുന്നു. ‘വനേസ’, ‘ട്രിഷ്യ’ എന്നീ പേരുകളും ‘ബ്രാഡ്ഫോർഡ്’ എന്ന കുടുംബപ്പേരും അവർ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ന്യൂകാസിൽ, ലണ്ടൻ, വെയിൽസ്, സ്കോട്‍ ലൻഡ് എന്നിവിടങ്ങളുമായി പാട്രീഷ്യയ്ക്ക് ബന്ധമുണ്ടായിരുന്നു. 1990-കളുടെ മധ്യത്തിൽ ഡഡ്‌ലിയിലേക്ക് താമസം മാറിയ അവർ പ്രദേശത്തെ ‘നോ ലിമിറ്റ്സ്’ ക്ലബ്ബിലും മറ്റ് പബ്ബുകളിലും സ്ഥിരമായി എത്താറുണ്ടായിരുന്നു. ട്രെവർ ഡങ്ക്‌ലിയും പാട്രീഷ്യയും പരസ്പരം പരിചയക്കാരായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും തിങ്കളാഴ്ച വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമുള്ളവർ മുന്നോട്ട് വരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. പാട്രീഷ്യ കാണാതായ സമയത്ത് തന്നെ പൊലീസുമായി ബന്ധപ്പെട്ടവരാണെങ്കിലും വീണ്ടും വിവരങ്ങൾ കൈമാറാൻ മടിക്കരുതെന്നും, ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷം കുടുംബത്തിന് ഉത്തരങ്ങൾ കണ്ടെത്താൻ അത് സഹായകരമാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.











Leave a Reply