ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോക്സഭാംഗമായ കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സംസ്ഥാന രാഷ്ട്രീയം പുതിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. കെ.സി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌താൽ ആറുമാസത്തിനകം നിയമസഭാംഗമാകേണ്ടതും ലോക്സഭാംഗത്വം രാജിവെക്കേണ്ടതുമായതിനാൽ ലോക്സഭയിലും നിയമസഭയിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഗണിതവും ബിജെപി വോട്ടുകളുടെ നിലപാടും വീണ്ടും ചർച്ചയാകുന്നത്. ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി നീങ്ങിയാൽ യുഡിഎഫിന് “നാണംകെട്ട തോൽവി” നേരിടേണ്ടിവരുമെന്ന ആശങ്ക കോൺഗ്രസ് വൃത്തങ്ങളിൽ തന്നെ ഉയരുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ആഭ്യന്തര പോര് ഇതിനോടകം തന്നെ പരസ്യ ഏറ്റുമുട്ടലിലേക്കാണ് നീങ്ങിയിരിക്കുന്നത്. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ ദില്ലിയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ച തീരുമാനമില്ലാതെ അവസാനിച്ചു. നേതാക്കളുടെ തമ്മിലടിയും പ്രവർത്തകരുടെ തെരുവ് പ്രതിഷേധവും ഹൈക്കമാൻഡിനെ കടുത്ത അസ്വസ്ഥരാക്കിയെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതും കോൺഗ്രസിലെ അധികാരപ്പോര് തുറന്നുകാട്ടുന്നതുമാണ് നിലവിലെ രാഷ്ട്രീയ ചിത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്ന് കെ.സി വേണുഗോപാൽ അവകാശപ്പെട്ടപ്പോൾ, ദേശീയ നേതൃത്വത്തിന്റെ സ്വാധീനം ഉപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കുകയാണെന്ന ഗുരുതര ആരോപണമാണ് വി.ഡി സതീശൻ ഉയർത്തിയത്. മുഖ്യമന്ത്രിയാക്കുന്നില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് സതീശനും ചെന്നിത്തലയും എടുത്തതോടെ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഘടകകക്ഷികളുടെ അഭിപ്രായവും ജനവികാരവും പരിഗണിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം സീനിയോറിറ്റിയും സംഘടനാപരമായ പരിചയവും മുൻനിർത്തിയാണ് ചെന്നിത്തലയുടെ അവകാശവാദം.

ഇതിനിടെ നേതാക്കളുടെ പരസ്യ പോരാട്ടത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രകടനങ്ങളും ഫ്ലെക്‌സ് യുദ്ധവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും, ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി എന്ത് നിലപാട് സ്വീകരിക്കും, ആ വോട്ടുകൾ ആരിലേക്ക് നീങ്ങും എന്നതാകും ഇനി കേരള രാഷ്ട്രീയത്തിലെ നിർണായക ചർച്ച. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ നീണ്ട അനിശ്ചിതത്വം തന്നെ യുഡിഎഫിന് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ചോദ്യവും ശക്തമാകുകയാണ്.